വിയ്യൂർ അരീക്കൽതാഴെ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു; അക്രമത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരെന്ന് കോൺഗ്രസ്, പ്രതിഷേധം



കൊയിലാണ്ടി: വിയ്യൂര്‍ അരീക്കല്‍താഴെ കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു. അക്രമത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം പ്രകടനം നടത്തി. രാത്രി 9 മണിയോടെയായിരുന്നു സംഭവം. വിയ്യൂര്‍ അരീക്കല്‍ താഴെ വി.പി രാജന്‍ കലാസാംസ്‌ക്കാരിക കേന്ദ്രം ആണ് അടിച്ചു തകര്‍ത്തത്.

മദ്യപിച്ച് കോണ്‍ഗ്രസ് ഓഫീസിന് സമീപത്ത് എത്തിയ നാലോളം ബി.ജെ.പി പ്രവര്‍ത്തകര്‍ ഓഫീസിലെ കസേരകളും കാരംസ് ബോര്‍ഡ് ഉള്‍പ്പെടെ അടിച്ചു തകര്‍ക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വൈകീട്ട് ആറ് മണിയോടെ ഇവര്‍ ഓഫീസിന് സമീപത്ത് മദ്യപിച്ച് എത്തുകയും തെറിവിളിക്കുകയും ചെയ്തിരുന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. പിന്നീട് രാത്രി ഓഫീസില്‍ ആളില്ലാത്ത സമയത്ത് വന്നാണ് ആക്രമണം നടത്തിയത്. നാട്ടുകാരും മറ്റും ബഹളം കേട്ട് എത്തുമ്പോഴേക്കും ഇവര്‍ സ്ഥലം വിട്ടിരുന്നു. സംഭവ സ്ഥലത്ത് കൊയിലാണ്ടി പോലീസ് എത്തിയിട്ടുണ്ട്

യു.ഡി.എഫ് നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധ പ്രകടനം നടത്തി അരുണ്‍ മണമല്‍ പ്രതിഷേധ യോഗത്തില്‍ സംസാരിച്ചു. രജീഷ് വെങ്ങളത്ത് കണ്ടി, അൻവർ ഇയ്യഞ്ചേരി , കൗണ്‍സിലര്‍ ഷീബ അരീക്കല്‍, എ.അസീസ്, അഡ്വ. ഉമേന്ദ്രന്‍, കെ.പി വിനോദ്കുമാര്‍,തന്‍ഹീര്‍ കൊല്ലം, ഉമേഷ്, സുനിൽ, ഷംനാസ് എം.പി, രാജന്‍ പുളിക്കൂല്‍

എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.