കൂരാച്ചുണ്ടിലും കന്നാട്ടിയിലും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു, കൊടിമരങ്ങളും നശിപ്പിച്ചു; പേരാമ്പ്ര മേഖലയില്‍ വ്യാപക അക്രമം ( ചിത്രങ്ങള്‍)
പേരാമ്പ്ര: വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതോടെ പേരാമ്പ്ര മേഖലയിലെ പലഭാഗങ്ങളും സംഘര്‍ഷഭരിതം. പേരാമ്പ്ര, നൊച്ചാട് കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തതിന് പുറമേ മേഖലയിലെ വിവിധ സ്ഥലങ്ങളിലും ആക്രമ സംഭവങ്ങളരങ്ങേറി. കന്നാട്ടിയില്‍ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് ആക്രമിച്ചു. ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം.
കൂരാച്ചുണ്ടിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെയും ആക്രമണമുണ്ടായി. ഓഫീസിന് പുറത്തുവെച്ചിരുന്ന ഫ്‌ലക്ട് ബോര്‍ഡുകള്‍ നശിപ്പിച്ചു. പേരാമ്പ്ര മേഖലയിലെ വിവിധ സ്ഥലങ്ങളിലുള്ള കോണ്‍ഗ്രസിന്റെ കൊടിതോരണങ്ങളും കൊടി മരങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വിമാനത്തിനുള്ളിലെ പ്രതിഷേധത്തിനെതിരേ ഇടതുസംഘടനകളും കെ.പി.സി.സി. ഓഫീസാക്രമണത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകളും തെരുവിലിറങ്ങിയതോടെ പേരാമ്പ്ര ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം അരങ്ങേരിയത്.
ഇന്നലെ രാത്രി നൊച്ചാടാണ് ആദ്യ അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസിന്റെ നൊച്ചാട് മേഖല കമ്മിറ്റി ഓഫീസാണ് ആക്രമിച്ചത്. ആക്രമണത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പനോട്ട് അബൂബക്കറിന് പരിക്കേറ്റു. ഇദ്ദേഹത്തെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ അര്‍ദ്ധരാത്രിയാണ് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറുണ്ടായത്. പേരാമ്പ്രയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് നേരൊണ് ആക്രമണമുണ്ടായത്. അര്‍ദ്ധരാത്രി 12.55-ഓടെയാണ് സംഭവം. ഓഫീസിന്റെ ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നു. ഈ സമയം ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല.
ഇരിങ്ങത്ത് കല്ലുംപുറത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയും അക്രമണമുണ്ടായി. ഇന്നലെ രാത്രയോടെ അക്രമം ഉണ്ടായത്.
കമ്മിറ്റി ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. പേരാമ്പ്ര മേഖലയിലെ ആക്രമണ സംഭവങ്ങള്‍ക്ക് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കെ.പി.സി.സി. ഓഫീസ് ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകളുള്‍പ്പെടെ ആക്രമിക്കപ്പെട്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്തുടനീളം ഇന്ന് കരിദിനം ആചരിക്കും. ഇതിന്റെ ഭാഗമായി പേരാമ്പ്രയില്‍ പ്രകടനം നടത്തി. വൈകീട്ട് നടക്കുന്ന പ്രതിഷേധ പ്രകടനം ഡി.സി.സി പ്രസിഡന്റ് അഡ്. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.