ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി കരുത്തുപകരാൻ പ്രവർത്തകർക്കിടയിലേക്ക് ഇനി മാഷില്ല; കാവുന്തറയിലെ പി സുധാകരൻ നമ്പീശന്റെ വിയോ​ഗത്തോടെ നഷ്ടമായത് കർമ്മനിരതനായ പൊതുപ്രവർത്തകനെ


നടുവണ്ണൂർ: കാവുന്തറയിലെ പി സുധാകരൻ നമ്പീശന്റെ വിയോ​ഗത്തോടെ കോൺ​ഗ്രസ് പാർട്ടിക്ക് നഷ്ടമായത് സധാകർമ്മനിരതനായ പൊതുപ്രവർത്തകനെ. മുന്നണിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന വ്യക്തിത്വമായിരുന്നു മാഷിന്റേത്. നമ്പീശൻ മാഷിന്റെ വിയോ​ഗം അറിഞ്ഞത് മുതൽ പ്രവർത്തകരെല്ലാം ദുഖത്തിലാണ്.

അബോധാവസ്ഥയിലായ മാഷെ കഴിഞ്ഞ ദിവസമാണ് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

പതിറ്റാണ്ടുകളായി നടുവണ്ണൂരിലെ ജനാധിപത്യചേരിയുടെ മുൻ നിരയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് നമ്പീശൻ മാസ്റ്റർ. 1991-92 കാലത്തെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെത്തിയ അദ്ദേഹം പാർട്ടിയിലെ പിളർപ്പിനെ തുടർന്ന് ഡി.ഐ.സിയിലേക്ക് മാറിയ 2005 വരെ മണ്ഡലത്തിലെ പ്രസ്ഥാനത്തെ നയിച്ചു.

സമീപകാലത്ത് യു.ഡി.എഫിന് നടുവണ്ണൂർ പഞ്ചായത്ത് ഭരണം കിട്ടിയപ്പോഴും മറ്റ് തെരഞ്ഞെടുപ്പുകളിലും മുന്നണിയുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ശക്തമായി നേതൃത്വം നൽകിയിരുന്നു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എന്ന നിലയിൽ ജനാധിപത്യ പ്രസ്ഥാനങ്ങളെ ചേർത്ത് നിർത്തി നയിക്കാനും ഉപദേശ നിർദ്ദേശങ്ങൾ നൽകി കരുത്തുപകരാനും അദ്ദേഹമെന്നും ശ്രമിച്ചിരുന്നു. എതിർപക്ഷ രാഷ്ട്രീയ പ്രവർത്തകരോടടക്കം സ്നേഹസാഹോദര്യത്തോടെ പെരുമാറുന്ന പ്രകൃതമാണ് അദ്ദേഹത്തിന്. പൊതുപ്രവർത്തകനെന്ന നിലയിൽ കർമ്മ വീഥികളിൽ നിറസാന്നിധ്യമായിരുന്നു നമ്പീശൻ മാസ്റ്റർ.

നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തുകളിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. സാധാരണക്കാരുടെയും ദരിദ്രരുടെയും പ്രയാസങ്ങൾ പരിഹരിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച സുധാകരൻ നമ്പീശൻ ജനഹൃദയങ്ങളിൽ ഇടം പിടിച്ച നേതാവായിരുന്നു. നീതി നിഷേധിക്കപ്പെടുന്നവർക്ക് നിയമ സഹായം നൽകുന്നതിന് അദ്ദേഹം ജാഗ്രത പുലർത്തിയിരുന്നു.

നടുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, കോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, നടുവണ്ണൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, കാവിൽ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റി രക്ഷാധികാരി, കെ എസ് എസ് പി എ ബ്ലോക്ക് കമ്മിറ്റി അംഗം, ബാലുശ്ശേരി കയർ ക്ലസ്റ്റർ ഡയറക്ടർ, കാവുന്തറ കയർ സൊസൈറ്റി ഡയറക്ടർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു.

അരിക്കുളം കെ പി എം എസ് എം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായിരുന്നു. കാവിൽ മേഖലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ചു. കീഴില്ലം കുടുംബത്തിൻ്റെ കൈവശമുണ്ടായിരുന്ന ഒരു ഏക്കർ വിസ്തീർണമുള്ള കാവിൽ ദേശത്തെ കാവുംകുളം നാടിന് സൗജന്യമായി വിട്ടു നൽകിയത് തറവാട്ട് കാരണവറായ സുധാകരൻ നമ്പീശൻ്റെ താൽപര്യപ്രകാരമായിരുന്നു. പാവപ്പെട്ടവർക്കുള്ള ഭവന നിർമ്മാണത്തിലും രോഗികളുടെ ചികിത്സാ സഹായ കമ്മിറ്റികളിലും സജീവമായിരുന്നു അദ്ദേഹം.

നിര്യാണത്തിൽ നടുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. സുധാകരൻ നമ്പീശൻ്റെ വിയോഗം പ്രസ്ഥാനത്തിനും നാടിനും തീരാനഷ്ടമാണെ ഡി സി സി പ്രസിഡണ്ട് കെ പ്രവീൺ കുമാർ പറഞ്ഞു.

കോൺഗ്രസ് നടുവണ്ണൂർ മണ്ഡലം മുൻ പ്രസിഡണ്ടും റിട്ടയേർഡ് അധ്യാപകനുമായ പുളിയിലോട്ട് പി സുധാകരൻ നമ്പീശൻ അന്തരിച്ചു

Summary: Congress leader p sudhakaran nambisan died