കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധിയ്ക്കൊപ്പം കാൽനടയാത്ര; ഭാരത് ജോഡോ പദയാത്രികനായ കൊയിലാണ്ടിയിലെ കോൺഗ്രസ് നേതാവ് പി.വി.വേണുഗോപാലിന് യൂത്ത് കോൺഗ്രസിന്റെ സ്വീകരണം


കൊയിലാണ്ടി: ഭാരത് ജോഡോ യാത്രയിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധിയോടൊപ്പം കാൽനടയായി നടന്ന കൊയിലാണ്ടിയിൽ നിന്നുള്ള കോൺഗ്രസ് നേതാവും മുൻ സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റുമായ പി.വി.വേണുഗോപാലിന് സ്വീകരണം നൽകി. യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയാണ് ഭാരത് ജോഡോ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ വേണുഗോപാലിന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയത്.

റെയിൽവെ സ്റ്റേഷനിൽ നിന്നും കൊയിലാണ്ടി ബസ് സ്റ്റാൻഡ് വരെ പ്രകടനത്തോടെ പ്രവർത്തകർ വേണുഗോപാലിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.വി.സുധാകരൻ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അജയ് ബോസ്‌ അധ്യക്ഷനായി.

വെറുപ്പിന്റെ രാഷ്ട്രീയതിനെതിരായി സ്നേഹത്തിന്റെ മന്ത്രമുയർത്തി രാഹുൽ ഗാന്ധിയോടൊപ്പം നടന്ന വേണുഗോപാൽ കൊയിലാണ്ടിയിലെ ജനാധിപത്യ വിശ്വാസികളുടെ അഭിമാനമായി മാറിയെന്ന് വി.വി സുധാകരൻ പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇ.കെ.ശീതൾ രാജ്, വി.ടി.സുരേന്ദ്രൻ, രജീഷ് വെങ്ങളത്തുകണ്ടി എന്നിവർ സംസാരിച്ചു.

തൻഹീർ കൊല്ലം, റാഷിദ് മുത്താമ്പി, അഭിനവ് കണക്കശ്ശേരി, സുധീഷ് പൊയിൽക്കാവ്, നീരജ് നിരാല, സനൂപ് കോമത്ത്, നിത്യ മുചുകുന്ന്, ജാസിം നടേരി, അൻസൽ പെരുവട്ടൂർ എന്നിവർ നേതൃത്വം നൽകി.