കൈക്കരുത്ത് കാട്ടി സ്വർണ്ണം കിട്ടി, ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ വിമൽ ഗോപിനാഥിന് കൊയിലാണ്ടിയുടെ ആദരം
കൊയിലാണ്ടി: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ദേശീയ ചാമ്പ്യനായ കൊയിലാണ്ടി സ്വദേശി വിമൽ ഗോപിനാഥിന് നാടിൻറെ ആദരം. ഗോവയിൽ നടന്ന രണ്ടാമത് ബി.സി.ഐ ദേശീയ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിലാണ് കൊയിലാണ്ടി സ്വദേശി വിമൽ ഗോപിനാഥ് സ്വർണ്ണ മെഡൽ നേടി കൊയിലാണ്ടിയുടെ അഭിമാന താരമായത്. മെയ് 18, 19, 20 തിയ്യതികളിലായിരുന്നു മത്സരം.
വിമലിനെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു. പ്രസിഡണ്ട് വി.വി.സുധാകരൻ പൊന്നാട അണിയിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, പി.വി വേണുഗോപാൽ, അജയ് ബോസ്, പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.
എൺപത്തിയാറ് കിലോഗ്രാം വിഭാഗത്തിലാണ് വിമൽ മൽസരിച്ചത്. പതിനേഴ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. സെപ്റ്റംബറിൽ ഫ്രാൻസിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ വിമൽ ഗോപിനാഥ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
കൊയിലാണ്ടിയിലെ പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ. കെ.ഗോപിനാഥിൻ്റെയും പത്മയുടെയും മകനാണ് വിമൽ ഗോപിനാഥ്. ബാംഗ്ലൂരിലെ പ്രശസ്തമായ ലോവിസ് കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായ വിമൽ ഗോപിനാഥ് കൊയിലാണ്ടി ലയൺസ് ക്ലബ്ബ് അംഗം കൂടിയാണ്.