‘കായിക വികസനത്തിനായി അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റുന്നില്ല’; 25 വര്‍ഷമായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കൈവശമുളള കൊയിലാണ്ടി സ്റ്റേഡിയം തിരിച്ചു നല്‍കണെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മറ്റി


കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയം സ്‌പോട്‌സ് കൗണ്‍സിലില്‍ നിന്ന് തിരിച്ചു വാങ്ങണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മറ്റി. ഇരുപത്തിയഞ്ച് വര്‍ഷത്തേക്ക് 1998 ലാണ് റവന്യൂ വകുപ്പിന്റെ കൈവശമുള്ള പഴയ ബോഴ്‌സ് ഹൈസ്‌ക്കൂള്‍ മൈതാനം സ്‌പോട്‌സ് കൗണ്‍സിലിന് പാട്ടത്തിന് നല്‍കിയത്.

2023 ഡിസംബര്‍ 17 ന് പാട്ടകരാര്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുറക്ക് സ്റ്റേഡിയം സ്‌പോട്‌സ് കൗണ്‍സിലില്‍ നിന്ന് തിരിച്ചു വാങ്ങണമെന്നാണ് ആവശ്യം. കഴിഞ്ഞ 25 വര്‍ഷമായി കടമുറികളില്‍ നിന്ന് വാടക ഇനത്തില്‍ വന്‍തുകയാണ് സ്‌പോട്‌സ് കൗണ്‍സിലിന് ലഭിക്കുന്നതെന്നും ഇതില്‍ നിന്ന് കായിക വികസനത്തിനായി അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ചെറിയ തുക പോലും ചിലവഴിക്കാന്‍ ഇതുവരെ സ്‌പോട്‌സ് കൗണ്‍സില്‍ തയ്യാറായിട്ടില്ലെന്നും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിക്കുന്നു.

ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് എന്‍ മുരളിധരന്‍ തൊറോത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി. രത്‌നവല്ലി, രാജേഷ് കീഴരിയൂര്‍, വി.ടി. സുരേന്ദ്രന്‍, നമ്പാട്ട് മോഹനന്‍, നടേരി ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.