‘കേരളത്തില്‍ കോ-ലീ-ബി സഖ്യത്തിന് നീക്കം’; മുസ്ലിം ലീഗ് നേതാവ് ടി.ടി.ഇസ്മായിൽ ബി.ജെ.പി വേദിയിലെത്തിയ സംഭവത്തിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ
കോഴിക്കോട്: കേരളത്തില്‍ കോ-ലീ-ബി സഖ്യത്തിന് നീക്കമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പി ജാഥയെ സ്വീകരിക്കാന്‍ ലീഗ് നേതാവ് ടി.ടി.ഇസ്മായിൽ പോകുന്നു. കോ-ലീ-ബി സഖ്യം ഇതില്‍ നിന്ന് വ്യക്തമാണ്. സില്‍വര്‍ ലൈന്‍ പ്രതിഷേധവും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
സാമൂഹിക ആഘാത പഠനത്തിന് വേണ്ടിയള്ള കല്ലിടലാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാരല്ല കല്ലിടുന്നത്. ഇതിന്റെ ചുമതല കെ-റെയിലിനാണ്. കല്ലിടലുമായി റവന്യൂ വകുപ്പിന് ബന്ധമൊന്നുമില്ലെന്നും ഭൂമി ഏറ്റെടുക്കുമ്പോഴാണ് റവന്യൂ വകുപ്പ് ഇടപെടുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവന്റെ നേതൃത്വത്തില്‍ നടത്തിയ കെ-റെയില്‍ വിരുദ്ധ പദയാത്ര വെങ്ങളം കാട്ടില്‍പ്പീടികയിലെ വേദിയിലെത്തിയപ്പോഴാണ് ടി.ടി.ഇസ്മയിലിനെ വേദിയില്‍ സ്വീകരിച്ചത്. കെ-റെയിലിനെതിരെ ബി.ജെ.പിയുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് നേതാവ് ബി.ജെ.പി വേദിയിലെത്തിയത്. കെ റെയില്‍ വിരുദ്ധ ജാഥാ വേദിയില്‍ ലീഗ് നേതാവ് ടി ടി ഇസ്മയിലിനെ ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചത് ലീഗിന്റെ പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
ബി.ജെ.പി വേദിയില്‍ ഭാരത് മാതാ കീ ജയ് വിളികള്‍ക്കിടയില്‍ ബിജെപി ജില്ലാ പ്രസിഡന്റിന്റെ പൊന്നാട ഏറ്റുവാങ്ങിയ ലീഗ് നേതാവ് ടി ടി ഇസ്മയിലിന്റെ നടപടിയില്‍ മുസ്ലീം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.