മേപ്പയ്യൂരിലെ സംഘര്‍ഷം; പൊലീസ് പറയുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് പരിക്കേറ്റവര്‍, വാഹനം പാര്‍ക്കു ചെയ്യുന്നതിനെ ചൊല്ലി സംഘര്‍ഷമുടലെടുത്തപ്പോള്‍ പിടിച്ചുമാറ്റാന്‍ ചെന്നവരെ പൊലീസ് മര്‍ദ്ദിച്ചതെന്ന് ആരോപണം


മേപ്പയ്യൂര്‍: മേപ്പയ്യൂരിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നകാര്യങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാക്കളുടെ സുഹൃത്തുക്കള്‍. വാഹനം പാര്‍ക്കു ചെയ്യാനെത്തിയ രണ്ട് ടീമുകള്‍ തമ്മില്‍ സംഘര്‍ഷമുടലെടുത്തപ്പോള്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ച യുവാക്കളെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് സുഹൃത്തുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിബു, ഷബീര്‍ എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇരുവര്‍ക്കും സംസാരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. പൊലീസ് അതിക്രമത്തിനെതിരെ പരാതിയുമായി മുന്നോട്ടുപോകുമെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും അല്പം അകലെയായി പഴയ ദയ ആശുപത്രിയ്ക്ക് സമീപത്ത് റോഡരികിലാണ് പ്രശ്‌നമുണ്ടായത്. പൊലീസ് പറയുന്ന തരത്തില്‍ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരെ അക്രമിച്ചതായി ഒരു സംഭവമേയില്ല. ഇരിങ്ങത്ത് നിന്നെത്തിയ ഒരു സംഘവും ചെറുവണ്ണൂരില്‍ നിന്നെത്തിയ മറ്റൊരു സംഘവും തമ്മില്‍ വാഹനം പാര്‍ക്കു ചെയ്തതിനെ ചൊല്ലി സംഘര്‍ഷമുടലെടുത്തു. ഇവരെ പിടിച്ചുമാറ്റാനായി പോയതാണ് ഷബീറും സിബുവും. സ്ഥലത്തെത്തിയ പൊലീസ് ഷബീറിനെയും സിബുവിനെയും മര്‍ദ്ദിക്കുകയായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.


Also Read: മേപ്പയ്യൂരില്‍ മദ്യപിച്ചെത്തിയ സംഘം ബാര്‍ബര്‍ഷോപ്പ് ജീവനക്കാരനെ ആക്രമിച്ചു, പിടിച്ചുമാറ്റാന്‍ ശ്രമിച്ച എസ്.ഐയെയും സംഘത്തെയും ആക്രമിച്ചതായി പൊലീസ്; രണ്ട് യുവാക്കള്‍ക്കും എസ്.ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്കും പരിക്ക്


 

ഇരുവരുടെയും തലയ്ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. പൊലീസ് അക്രമത്തിനെതിരെ ഡി.വൈ.എസ്.പിയ്ക്കും മനുഷ്യാവകാശ കമ്മീഷന്‍ അടക്കമുള്ളവര്‍ക്കും പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.