മേപ്പയ്യൂരിലെ സംഘര്‍ഷം: സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുന്ന നടപടി അവസാനിപ്പിക്കുക, മേപ്പയ്യൂര്‍ പൊലീസിന്റേത് ഏകപക്ഷീയവും ധിക്കാരപരവുമായ നടപടിയെന്നും സി.പി.എം


മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേപ്പയൂരില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുന്ന നടപടി മേപ്പയ്യൂര്‍ പൊലീസ് അവസാനിപ്പിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. പൊലീസ് ഏകപക്ഷീയമായാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും സി.പി.എം നോര്‍ത്ത് സൗത്ത് ലോക്കല്‍ കമ്മിറ്റികള്‍ ആരോപിച്ചു.

നിരവധി കേസുകളില്‍ പാര്‍ട്ടിയുടെയും ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും ഉത്തരവാദപ്പെട്ട നേതാക്കളെയും പ്രവര്‍ത്തകരെയും നിരപരാധികളെയും വിദ്യാര്‍ഥികളെയും കേസില്‍ പ്രതി ചേര്‍ക്കുകയാണ്. യാതൊരു സംഘര്‍ഷത്തിലും ഉള്‍പ്പെടാത്ത ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും പോലീസ് കേസില്‍ ഉള്‍പ്പെടുത്തി. നാലു കുട്ടികള്‍ക്കെതിരെ കേസെടുത്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. വിദ്യാര്‍ഥികളുടെ വീടുകളില്‍ കയറി രക്ഷിതാക്കളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയാണ് പോലീസ്. ഇത് ഏകപക്ഷീയമായ നടപടിയാണ്. നിയമ വിധേയമല്ലാത്ത സമീപനവുമാണെന്ന് സി.പി.എം കുറ്റപ്പെടുത്തി.

മേപ്പയൂരില്‍ നടന്ന സംഘര്‍ഷത്തിന്റെ മറവില്‍ പാര്‍ട്ടി നേതാക്കളുടെ പേരില്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്കെതിരെയാണ് ജാമ്യമില്ലാവകുപ്പ് ചേര്‍ത്ത് കേസെടുത്തിട്ടുള്ളത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാകോടതി പരിഗണിക്കുന്ന ദിവസം ഗുരുതരമായ പുതിയ വകുപ്പുകള്‍ കൂടി ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. സി.പി.എംപ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റിയ പരാതികളില്‍ നിസാരവകുപ്പ് ചേര്‍ത്ത് യു.ഡി.എഫ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി സ്റ്റേഷന്‍ജാമ്യം നല്‍കുകയാണ് പോലിസ് ചെയ്യുന്നത്. ഇത് തെറ്റായ സമീപനവും ധിക്കാരവുമാണെന്നും സി.പി.എം ചൂണ്ടിക്കാട്ടി.

ക്രമിനല്‍ വല്‍ക്കരിക്കപ്പെട്ട ഒരു കൂട്ടം യു.ഡി.എഫ് സംഘത്തിനു വേണ്ടി വഴിവിട്ടു സഹായം നല്‍കുകയാണ് മേപ്പയ്യൂരിലെ എസ്.എച്ച്.ഒയും സഹായികളും ചെയ്യുന്നത്. മേപ്പയൂര്‍ പോലീസിലെ ചിലരുടെയും പോലീസ് ഇന്‍സ്‌പെക്ടറുടെയും ധിക്കാരപരമായ നടപടികള്‍ ബഹുജനങ്ങളെ അണിനിരത്തി സി.പി.എം പ്രതിരോധിക്കുക തന്നെ ചെയ്യും.

പോലീസ് രാജും പോലീസ് ഭീകരതയും ഒരിക്കലും ഇടതുപക്ഷ സര്‍ക്കാര്‍ നയമല്ലെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍മിക്കുന്നത് നല്ലതാണ്. ഇടതുപക്ഷ പ്രസ്ഥാനത്തിനും പ്രത്യേകിച്ച് സി.പി.എം, വര്‍ഗ്ഗ ബഹുജന സംഘടനകള്‍ എന്നിവയ്ക്കുമെതിരെ സ്വീകരിക്കുന്ന ബോധപൂര്‍വവും ഏകപക്ഷീയവുമായ നടപടികള്‍ക്കെതിരെ, ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാനും പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സി.പി.എം നോര്‍ത്ത് സൗത്ത് കമ്മിറ്റികളുടെ യോഗത്തില്‍ കെ.ടി.രാജന്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. പി.പി.രാധാകൃഷ്ണന്‍, കെ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

Summary: Conflict in Mepayyur cpm against Meppayyur police