വെങ്ങളം അഴിയൂര്‍ ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തി ഇഴഞ്ഞുനീങ്ങുന്നു; നിലവിലുള്ള യാത്ര സൗകര്യം തടസ്സപ്പെടുത്തിയാണ് നിര്‍മ്മാണമെന്ന് യാത്രക്കാര്‍


കൊയിലാണ്ടി: വെങ്ങളം – അഴിയൂര്‍ ദേശീയപാത നിര്‍മ്മാണപ്രവര്‍ത്തി ഇഴഞ്ഞുനീങ്ങുന്നതായി പരാതി ഉയരുന്നു. പലയിടങ്ങളിലും നിലവിലുള്ള യാത്ര സൗകര്യം തടസ്സപ്പെടുത്തിയാണ് നിര്‍മ്മാണം നടക്കുന്നതെന്നാണ് യാത്രക്കാരുടെ ആരോപണം. വെങ്ങളം – രാമനാട്ടുകര ആറ് വരി പാതയുടെ പ്രവൃത്തി പൂര്‍ത്തിയാക്കി ഈ ഡിസംബറില്‍ സമര്‍പ്പിക്കാനിരിക്കെ അഴിയൂര്‍ വെങ്ങളം പാത 42. 93 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്.

അദാനി ഗ്രൂപ്പാണ് നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി നിയമതടസ്സങ്ങള്‍ ഉയര്‍ന്നതും നിര്‍മ്മാണ സാമഗ്രികളുടെ അപര്യാപ്തതയുമാണ് വൈകുന്നതിന് കാരണമായി കമ്പനി വ്യക്തമാക്കുന്നത്. ചിലയിടങ്ങളില്‍ സര്‍വ്വീസ് റോഡിന് ആവശ്യമായ വീതിയില്ല, മണ്ണിടിച്ചില്‍, വെള്ളക്കെട്ട് എന്നീ പ്രശ്‌നങ്ങള്‍ നിരന്തരം യാത്രക്കാരെ വലയ്ക്കുകയാണ്. ബൈപ്പാസില്‍ കൊയിലാണ്ടി ഭാഗത്ത് കുന്ന്യോറമല ഇടിച്ചിലിനെ തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കിയതിനാല്‍ പണിനിര്‍ത്തി വെച്ചിരിക്കയാണ്.

തിക്കോടിയില്‍ ആകട്ടെ അണ്ടര്‍പാസ്സിനായുള്ള സമരം കാലങ്ങളായി ജനകീയസമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്നു.
ബോധപൂര്‍വ്വം സമരങ്ങള്‍ സൃഷ്ടിച്ച് കാലതാമസം വരുത്തി അവാര്‍ഡറ്റ് വാല്യു വര്‍ദ്ധിപ്പിച്ച് കിട്ടാനാണ് കമ്പനി ശ്രമിക്കുന്നതെന്ന്യം സമരസമിതി കണ്‍വീനര്‍ കെ. കരുണന്‍ പറഞ്ഞു. ഈ റീച്ചിന്റെ ടെണ്ടര്‍ വാല്യൂ 1382.56 ആയിരുന്നങ്കില്‍ അവാര്‍ഡറ്റ് വാല്യു 1838 ‘1 ആയി ഉയരുകയാണ് ചെയ്തത്. ഇങ്ങനെ ലാഭം തട്ടിയെടുക്കാനാണ് കമ്പനി ലക്ഷ്യം വെക്കുന്നതെന്ന് കണ്‍വീനര്‍ കെ. കരുണന്‍ പറഞ്ഞു.

കോഴിക്കോട് നിന്ന് അഴിയൂര്‍ വരെ യാത്ര ചെയ്യാന്‍ മൂന്നും നാലും മണിക്കൂറുകളാണ് എടുക്കുന്നത്. കൂടാതെ ഈ ഭാഗങ്ങളില്‍ മാത്രമല്ല വാഹന അപകടങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നതായി കണക്കുകള്‍ പറയുന്നുണ്ട്. നിര്‍മ്മാണം വൈകുന്നതിനെതിരെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളൊന്നും തന്നെ പ്രതികരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന ഉപവാസ സമരത്തില്‍ ‘സി.എം.പി സംസ്ഥാന സെക്രട്ടറി സി.എന്‍ വിജയകൃഷ്ണന്‍ പറഞ്ഞു.

വെങ്ങളം അഴിയൂര്‍ ദേശീയ പാത സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നന്തി ബനാറില്‍ ഏകദിന ഉപവാസം നടത്തിയിരുന്നു. സി.എം.പി നേതാക്കള്‍ കഴിഞ്ഞ മൂന്നിന് ഉപരിതലഗതാഗ മന്ത്രി നിതിന്‍ ഗഡ്കരിക്ക് മെമ്മോറാണ്ടം സമര്‍പ്പിക്കുകയും അതിന്റെ കോപ്പി ഷാഫി പറമ്പില്‍ എം.പിക്കും കേരള സര്‍ക്കാറിനും നല്കിയിരുന്നു. 26-4-2024 ന് ആയിരുന്നു നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട തിയ്യതി. എന്നാല്‍ നിര്‍മ്മാണം അനിശ്ചിതമായി നീളാനാണ് സാധ്യത. സര്‍ക്കാര്‍ ഇടപെട്ട് ജനങ്ങളുടെ യാത്ര സൗകര്യം എത്രയും പെട്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.