അഹമ്മദ് ദേവര്‍കോവില്‍ 63 ലക്ഷം രൂപ നല്‍കണമെന്ന കോടതി വിധി നടപ്പായിക്കിട്ടാന്‍ സഹായിക്കണം; വടകരയില്‍ മന്ത്രിയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി
വടകര: വടകര നവകേരള സദസില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. സാമ്പത്തിക തട്ടിപ്പ് കേസില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 63 ലക്ഷം രൂപ നല്‍കണമെന്ന കോടതി വിധി നടപ്പായിക്കിട്ടാന്‍ സഹായിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
വടകര മുട്ടുങ്ങല്‍ സ്വദേശി എ.കെ യൂസഫ് ആണ് പരാതി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പരാതിക്കാരന്‍ മുഖ്യമന്ത്രിക്ക് ഇ മെയില്‍ വഴി പരാതി നല്‍കിയിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും പരാതി നല്‍കുന്നതെന്ന് പരാതിക്കാരന്‍ പറഞ്ഞു. കോടതി വിധി പ്രകാരം പണം നല്‍കാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയില്‍ പറയുന്നു.
അഹമ്മദ് ദേവര്‍കോവില്‍ പരാതിക്കാരനുമായി ബിസിനസില്‍ ഏര്‍പ്പെടുകയും ഇയാള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 215 യൂസഫ് കേസ് നല്‍കിയിരുന്നു. ഇതില്‍ വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഹമ്മദ് ദേവര്‍ കോവിലിനെതിരെ രണ്ടുവര്‍ഷത്തെ ജയില്‍ ശിക്ഷയും 63ലക്ഷം രൂപ പിഴയും ഇടാക്കിയിരുന്നു. ഇതിന് പിന്നാലെ അഹമ്മദ് ദേവര്‍ കോവില്‍ അപ്പീല്‍ നല്‍കുകയും കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി തടവ് ശിക്ഷ ഒഴിവാക്കി 63ലക്ഷം രൂപ പിഴയടക്കാന്‍ ഉത്തരവിടുകയായിരുന്നു.
അതേസമയം, തനിക്കെതിരെ ഉയര്‍ന്ന പരാതി രാഷ്ട്രീയ പ്രേരിതമാണെന്നാണ് മന്ത്രി ആരോപിക്കുന്നത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പ് കാലത്തും സമാനമായ പരാതി ഉയര്‍ന്നതാണ്. താന്‍ ആര്‍ക്കും പണം നല്‍കാനില്ല. സദസിന്റെ ശോഭ കെടുക്കാനാണ് ഇത്തരം പരാതികള്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.