ഫയര്‍ഫോഴ്‌സിന് കേരള ഫീഡ്‌സ് നല്‍കിയ ഡയറിയില്‍ നിന്ന് രണ്ട് ജീവനക്കാര്‍ മുഖ്യമന്ത്രിയുടെയും മന്ത്രി ചിഞ്ചുറാണിയുടെയും ചിത്രങ്ങള്‍ കീറി കത്തിച്ചതായി പരാതി


കൊയിലാണ്ടി: കൊയിലാണ്ടി ഫയര്‍ഫോഴ്‌സിന് നല്‍കിയ കേരള ഫീഡ്‌സിന്റെ ഡയറിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി ചിഞ്ചുറാണിയുടെയും ഫോട്ടോകള്‍ കീറിയെടുത്ത് കത്തിച്ചതായി പരാതി. രണ്ട് ഹോം ഗാര്‍ഡുകളാണ് തങ്ങള്‍ക്ക് ലഭിച്ച ഡയറിയുടെ പേജുകള്‍ കീറി കത്തിച്ചത്. ഇത് സംബന്ധിച്ച് പരാതി ഉയരുകയും കാനത്തില്‍ ജമീല എം.എല്‍.എ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തതോടെ മുഴുവന്‍ ഡയറികളും തിരിച്ചെടുക്കാന്‍ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ നിര്‍ദേശിച്ചു.

ഉത്തരവാദിത്തപ്പെട്ട ജീവനക്കാരുടെ ഭാഗത്തുനിന്നും ഇത്തരം സമീപനങ്ങള്‍ ഉണ്ടാവാന്‍ പാടില്ലായിരുന്നെന്ന് കാനത്തില്‍ ജമീല എം.എല്‍.എ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ജീവനക്കാരോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് ലഭിച്ച ഡയറികളല്ലേ അത് എന്ത് ചെയ്താലെന്താ എന്ന നിലപാടാണ് സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു.

Summary: Complaint that two employees tore pictures of Chief Minister and Minister Chinchurani from the diary given to the Fire Force by Kerala Feeds and burned them