കായണ്ണയില്‍ സ്‌കൂള്‍ വിട്ടുമടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ വാനിലെത്തിയവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി
പേരാമ്പ്ര: സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ വാനിലെത്തിയവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. കായണ്ണ ചങ്ങാടുമ്മല്‍ സാജിദാണ് പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയത്.
പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ പഠിക്കുകയാണ് സാജിദിന്റെ മകന്‍. സ്‌കൂള്‍വിട്ട് കായണ്ണ ബസാറിനടുത്തുള്ള ചണ്ണങ്ങാടുമ്മല്‍ റോഡില്‍ ബസിറങ്ങി നടന്നുപോകുമ്പോള്‍ വാന്‍ അടുത്തുനിര്‍ത്തി വീട്ടിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കയറാനാവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതോടെ കുട്ടി വേഗത്തില്‍ വീട്ടിലേക്ക് ഓടിപ്പോകുകയും വാന്‍ തിരിച്ച് പോകുകയും ചെയ്തു.
വൈകുന്നേരം അഞ്ചേമുക്കാലോടെയായിരുന്നു സംഭവമെന്ന് സാജിദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഓംനി വാനാണ് കുട്ടിയുടെ അടുത്ത് നിര്‍ത്തിയത്. നിറം മകന് കൃത്യമായി പറയാനായിട്ടില്ല. വെള്ളപോലെ തോന്നിയെന്നാണ് പറഞ്ഞത്. വാനില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നതെന്നാണ് മകന്‍ പറഞ്ഞതെന്നും സാജിദ് പറഞ്ഞു.
കഴിഞ്ഞദിവസം ഉണ്ണിക്കുന്നുംചാല്‍ മരുതേരി റോഡിലും ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി സംശയമുണ്ടായിരുന്നു. വീട്ടില്‍ നിന്നും ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ കണ്ട വാന്‍ റിവേഴ്‌സ് എടുത്ത് വന്ന് ഡോര്‍ തുറക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ഓടുകയായിരുന്നെന്നാണ് കുട്ടിയുടെ അച്ഛന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണോ ഇതെന്ന സംശയത്തില്‍ വീട്ടുകാര്‍ പൊലീസില്‍ വിളിച്ച് വിവരം പറയുകയും ചെയ്തിരുന്നു.
പരാതിയെപ്പറ്റി വിശദമായി അന്വേഷണം തുടങ്ങിയതായി പേരാമ്പ്ര എസ്.ഐ ഹബീബുള്ള പറഞ്ഞു.