കൊയിലാണ്ടി എസ് എന്‍ ഡി പി കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി
കൊയിലാണ്ടി: കൊല്ലം ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയെ എസ്. എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപണം. ബി.എസ്.സി. കെമിസ്ട്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥി സി.ആര്‍ അമലാണ് ഒരുസംഘം എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തന്നെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചെന്ന് ആരോപണവുമായി രംഗത്ത് വന്നത്.
രണ്ടാഴ്ച മുന്‍പ് കോളേജില്‍ വച്ച് നടന്ന റാഗിംങുമായി ബന്ധപ്പെട്ട് നടന്ന അടിയുടെ സൂത്രധാരന്‍ അമല്‍ ആണെന്ന് ആരോപിച്ച് കോളേജ് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി തലയ്ക്കും മൂക്കിനും മുഖത്തും കൈമുഷ്ടി ചുരുട്ടി തുടരെ തുടരെ ആഞ്ഞ് കുത്തുകയായിരുന്നു എന്നാണ് പരാതി.
വെള്ളിഴാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം കോളേജ് ചെയര്‍മാന്‍ ചിലകാര്യങ്ങള്‍ സംസാരിച്ചു തീര്‍ക്കാനുള്ളതിനാല്‍ പുറത്തേക്കുവരണമെന്ന് ആവശ്യപ്പെടുകയും അവരോടൊപ്പം മൂന്ന് കൂട്ടുകാരുമായി പോയ അമലിനെ കൂടെ വന്ന കൂട്ടുകാരെ തിരിച്ചയയ്ക്കുകയും കോളേജിന് സമീപത്തുള്ള അടച്ചിട്ട വീട്ടുമുറ്റത്തേക്കാണ് കൂട്ടിക്കൊണ്ട് പോയതെന്നും ഇവിടെ വച്ചാണ് മര്‍ദിച്ചതെന്നും പറയുന്നു.
കോളേജിലെയും സമീപ കോളേജിലെയും എസ്.എഫ്.ഐ. നേതാക്കളും പ്രവര്‍ത്തകരുമെല്ലാമായി 25-ഓളം പേര്‍ അവിടെ ഉണ്ടായിരുന്നെന്നും തന്നെ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയാണ് ക്രൂരമായി മര്‍ദിച്ചതെന്നും അമല്‍ പറയുന്നു.
മൂക്കില്‍നിന്ന് ചോരവാര്‍ന്ന് അവശനായ മൂന്നുകൂട്ടുകാരുമൊത്ത് കൊയിലാണ്ടി ഗവ. താലൂക്കാശുപത്രിയില്‍ പോയപ്പോള്‍ ഒ.പി. ടിക്കറ്റ് എടുക്കുന്നതിനിടയില്‍ അക്രമസംഘത്തിലുണ്ടായിരുന്നവര്‍ ഓടിയെത്തുകയും ഇടയ്ക്കുകയറി ബൈക്കപകടമാണെന്നുപറഞ്ഞ് ശീട്ടില്‍ അങ്ങനെ എഴുതിക്കുകയുംചെയ്തു. മൂക്കില്‍ പ്ലാസ്റ്ററിട്ടശേഷം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ അവിടെയും അഞ്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകരെത്തി ഡോക്ടറെ തെറ്റായ കാര്യങ്ങള്‍ ധരിപ്പിച്ചുവെന്നും ഭയം കൊണ്ട് ഇത് തിരുത്താന്‍ പോയില്ലെന്നും അമല്‍ പരാതിയില്‍ പറയുന്നു.
വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ വലിയ വേദന അനുഭവപ്പെട്ടതോടെ വീട്ടുകാരോട് നടന്ന സംഭവം പറയുകയായിരുന്നു. രാത്രി തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി എക്സ്റേയും മറ്റുപരിശോധനയും നടത്തി. രണ്ടാഴ്ചമുമ്പ് കോളേജിലുണ്ടായ അടിയുടെ പേരില്‍ യൂണിറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ തന്റെ പേരില്ലെന്ന് അമല്‍ പറഞ്ഞു. അടിയുണ്ടായ സ്ഥലത്ത് ക്യാമറയുമുണ്ട്. ‘ആക്രമിച്ചതാണെന്ന വിവരം പുറത്തുപറഞ്ഞാല്‍ വലുതായി അനുഭവിക്കേണ്ടിവരു’മെന്ന് ഭീഷണിപ്പെടുത്തിയാണ് വിട്ടയച്ചതെന്നും അമല്‍ പറയുന്നു.
ഇതുസംബന്ധിച്ച പരാതി അമലും പിതാവ് പയ്യോളി വില്ലേജ് ഓഫീസര്‍ എ.വി. ചന്ദ്രനും കൊയിലാണ്ടി പോലീസിലും പ്രിന്‍സിപ്പലിനും ശനിയാഴ്ച നല്‍കിയിട്ടുണ്ട്.