കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ യാത്രക്കാരിയായ വയോധികയുടെ ആഭരണം കവര്‍ന്ന് വഴിയില്‍ തള്ളിയിട്ടതായി പരാതി
കോഴിക്കോട്: കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ യാത്രക്കാരിയുടെ ആഭരണം കവര്‍ന്ന് കടന്നുകളഞ്ഞതായി പരാതി. വയനാട് ഇരുളം സ്വദേശി ജോസഫീന (57)യുടെ ആഭരണമാണ് കവര്‍ന്നത്.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ട്രെയിന്‍ ഇറങ്ങി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലേക്ക് പോകാന്‍ ഓട്ടോ വിളിച്ചതായിരുന്നു ജോസഫീന. യാത്രയ്ക്കിടെ ഓട്ടോയില്‍വെച്ച് കഴുത്തിലെ ആഭരണം പൊട്ടിച്ചെടുത്ത് യാത്രക്കാരിയെ വഴിയില്‍ തള്ളി ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു.
വീഴ്ചയില്‍ പരുക്കേറ്റ ജോസഫീന റോഡില്‍ മഴ നനഞ്ഞ് ഒരുമണിക്കൂറോളം കിടന്നു. വഴി യാത്രക്കാരോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നും അവര്‍ പറഞ്ഞു. ഒടുവില്‍ അരകിലോമീറ്ററോളം നടന്ന് പാളയം ബസ് സ്റ്റാന്റിലെത്തി ബസില്‍ കയറി കൂടരഞ്ഞിയിലുള്ള സഹോദരന്റെ വീട്ടിലെത്തിയശേഷമാണ് ആശുപത്രിയില്‍ ചികിത്സതേടിയത്.
ആശുപത്രി അധികൃതര്‍ ടൗണ്‍ പൊലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെ പൊലീസെത്തി ജോസഫീനയുടെ മൊഴിയെടുത്തു. പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. മോഷണം നടത്തിയ ഡ്രൈവറേയും ഓട്ടോറിക്ഷയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം വ്യാപകമാക്കി.