കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി


കോഴിക്കോട്: കോഴിക്കോട് ഗവ: ബീച്ച് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. ഒരുമാസമായി ആശുപത്രിയില്‍ ഫിസിയോ തെറാപ്പിക്കെത്തുന്ന പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്.

പെണ്‍കുട്ടിയെ കുറേ ദിവസമായി ആരോഗ്യപ്രവര്‍ത്തകയാണ് ചികിത്സിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച പെണ്‍കുട്ടി എത്തിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തക തിരക്കിലായതിനാല്‍ മറ്റൊരു ജീവനക്കാരനാണ് ചികിത്സിക്കാനെത്തിയതെന്ന് പെണ്‍കുട്ടി പറയുന്നു.

ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. കഴിഞ്ഞദിവസം ചികിത്സയ്‌ക്കെത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവര്‍ത്തകയോട് പറയുന്നത്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പെണ്‍കുട്ടിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ആരോപണവിധേയനായ ആശുപത്രിജീവനക്കാരനെതിരെ കേസെടുത്തു.