പ്രസവം നടന്നത് വീട്ടിൽ; ആരോഗ്യ വകുപ്പ് അധികൃതർ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചെന്ന പരാതിയുമായി കോഴിക്കോട് സ്വദേശി
കോഴിക്കോട്: വീട്ടിൽ പ്രസവം നടന്നുവെന്നതിന്റെ പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്താണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. 2024 നവംബർ രണ്ടിന് ജനിച്ച കുട്ടിക്ക് നാല് മാസം കഴിഞ്ഞിട്ടും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്ന് കാണിച്ച് പരാതി നൽകിയത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷറാഫത്തിന്റെ ഭാര്യ ആസ്നാ ജാസ്മിൻ പ്രസവ സമയത്ത് ചികിത്സ തേടിയത്. ഒക്ടോബർ 28 പ്രസവതിയ്യതിയായി ആശുപത്രിയിൽ നിന്നും നൽകുകയും ചെയ്തിരുന്നു. എന്നാൽ പ്രസവ വേദന അനുഭവപ്പെടാത്തതിനാൽ ഇവർ വീട്ടിൽ തന്നെ തുടർന്നു. പിന്നീട് രണ്ടാം തിയ്യതി രാവിലെ പ്രസവ വേദന അനുഭവപ്പെട്ടെന്നും ഉടനെ തന്നെ പ്രസവം നടന്നുവെന്നുമാണ് ഷറാഫത്ത് പറയുന്നത്. കുഞ്ഞ് പുറത്ത് വന്ന ശേഷം ഷറാഫത്ത് പുറത്ത് പോയി ബ്ലേഡ് വാങ്ങി വരികയും അതുപയോഗിച്ച് പൊക്കിൾക്കൊടി മുറിച്ചുമാറ്റുകയും ചെയ്തു.
നവംബർ രണ്ടാം തിയ്യതി രാവിലെ 11 മണിയോടെയായിരുന്നു പ്രസവം. ഉച്ചയ്ക്ക് രണ്ട് മണിയോടെ കെ സ്മാർട്ട് വഴി ജനന സർട്ടിഫിക്കറ്റിനായ അപേക്ഷ നൽകിയെന്നും ഷറാഫത്ത് പറയുന്നു. നാല് ദിവസം കഴിഞ്ഞ് ആശാ വർക്കർ എത്തി പരിശോധനയും നടത്തി എന്നാൽ ഇതുവരെ ജനന സർട്ടിഫിക്കറ്റ് നൽകിയില്ല. ഇതോടെയാണ് ഷറാഫത്ത് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. അതേസമയം പ്രസ്തുത തിയ്യതിയിൽ പ്രസ്തുത വിലാസത്തിൽ പ്രസവം നടന്നതിന്റെ രേഖകൾ ഹാജരാക്കിയാൽ ജനന സർട്ടിഫിക്കറ്റ് നൽകുന്നതിന് തടസ്സമില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.