കൊയിലാണ്ടി ഭാഗത്തെ മത്സ്യത്തൊഴിലാളികള്‍ക്കും യാനങ്ങള്‍ക്കും ചോമ്പാല്‍ ഹാര്‍ബറില്‍ വിലക്കെന്ന് പരാതി; അധികൃതര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയന്‍


കൊയിലാണ്ടി: ചോമ്പാല്‍ ഹാര്‍ബറില്‍ കൊയിലാണ്ടി ഭാഗത്തെ മത്സ്യ തൊഴിലാളികളേയും യാനങ്ങളേയും പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പരാതി. മത്സ്യത്തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യുവാണ് പരാതിയുമായി രംഗത്തുവന്നത്.

‘കടല്‍ കോടതി’ എന്ന പേരില്‍ ഫ്യൂഡല്‍ രൂപത്തിലുള്ള സംഘടന കൊയിലാണ്ടിയിലെ തൊഴിലാളികളെ ചോമ്പാലയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് ആരോപണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ ചിലവഴിക്കുകയും ഹാര്‍ബറിന്റെ പ്രവര്‍ത്തനത്തിന് കലക്ടര്‍ അധ്യക്ഷനായ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയെ നോക്കുക്കുത്തിയാക്കിയുമാണ് ഈ നിയമ വിരുദ്ധ നടപടി സ്വീകരിച്ചത്. ഇത് നിയമവിരുദ്ധവും തൊഴിലാളിവിരുദ്ധവുമാണെന്ന് മത്സ്യതൊഴിലാളിയൂണിയന്‍ ഏരിയാ കമ്മിറ്റി പറഞ്ഞു.

കലക്ടര്‍ ഇടപെട്ട് നിരോധനം പിന്‍വലിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൊയിലാണ്ടി ഭാഗത്തെ തൊഴിലാളികള്‍ കരയിലും കടലിലും ശക്തമായ സമരം നടത്തുമെന്ന് യൂണിയന്‍ അറിയിച്ചു. യോഗത്തില്‍ ടി.വി. ദാമോധരന്‍ അധ്യക്ഷത വഹിച്ചു. സി.എം.സുനിലേശന്‍, എ.പി.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചിലതല്‍പ്പര കക്ഷികളുടെ ഇത്തരം നീക്കം തീരമേഖലയില്‍ ക്രമസമാധനപ്രശ്‌നമായി മാറുന്നത് ഒഴിവാക്കണമെന്നും യൂണിയന്‍ ഒരു പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.