അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ കാരയാട് കരിയാത്തന്‍പാറ വായനശാലയുടെ സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയെന്ന് പരാതി; പ്രദേശവാസികള്‍ പ്രതിഷേധത്തില്‍


Advertisement

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് ആസ്തിയിലുള്ള കാരയാട് കരിയാത്തന്‍പറയിലെ പഴയകാല വായനശാലയുടെ സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയെന്ന് പരാതി. പൊളിഞ്ഞുവീണ വായനശാല കെട്ടിടമുണ്ടായിരുന്ന സ്ഥലം സ്വകാര്യ വ്യക്തി ജെ.സി.ബി ഉപയോഗിച്ച് മണ്ണെടുത്ത് നിരപ്പാക്കിയതോടെയാണ് പ്രദേശവാസികള്‍ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചത്.

Advertisement

പഞ്ചായത്ത് രേഖകള്‍ പ്രകാരം അരിക്കുളം പഞ്ചായത്തിന്റെ ആസ്തിയിലുള്ളതാണ് ഈ സ്ഥലമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുഗതന്‍ മാസ്റ്റര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ സ്ഥലം കയ്യേറിയെന്ന ആരോപിക്കുന്ന വ്യക്തിയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വായനശാല സ്ഥാപിക്കാനായി പഞ്ചായത്തിന് ഈ സ്ഥലം വിട്ടുനല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അധികൃതര്‍ക്കൊപ്പം കഴിഞ്ഞദിവസം ഈ കുടുംബവുമായി ചര്‍ച്ച നടത്തിയിരുന്നു.

Advertisement

സ്ഥലം വായനശാലയ്ക്ക് വിട്ടുനല്‍കിയെന്ന് സമ്മതിക്കുമ്പോഴും അതിന്റെ കൈവശാവകാശം തങ്ങള്‍ക്കാണെന്നാണ് കുടുംബം പറയുന്നത്. കുടുംബവുമായി കൂടുതല്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്. പഞ്ചായത്തിന്റെ ആസ്തിയിലുള്ള ഈ സ്ഥലം വീണ്ടെടുത്ത് ഇവിടെ വായനശാല പുതുക്കി പണിയണമെന്നതാണ് പ്രദേശവാസികളുടെയും പഞ്ചായത്തിന്റെയും താല്‍പര്യമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

Advertisement

Summary: Complaint that a private person encroached on the site of Karayad Kariyathanpara reading room of Arikulam Gram Panchayat