കൊയിലാണ്ടി കണയങ്കോട് സ്വകാര്യ വ്യക്തി കണ്ടല്‍ക്കാട് വെട്ടിയതിനും തണ്ണീര്‍ത്തടം നികത്തിയതിനുമെതിരെ പ്രദേശവാസികളുടെ പരാതി


കൊയിലാണ്ടി: കണയങ്കോട് കണ്ടല്‍ക്കാടുകള്‍ വെട്ടിയതിനെതിരെ പ്രദേശവാസികളുടെ പരാതി. പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് തഹസില്‍ദാര്‍ക്ക് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. നഗരസഭയിലെ 26ാം വാര്‍ഡില്‍ പുഴവക്കില്‍ എടക്കടവത്ത് താഴെയാണ് തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തുകയും പുഴയോരത്തെ കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തത്.

ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. നഗരസഭയ്ക്കും തഹസില്‍ദാര്‍ക്കും ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി റിയാസ്.വി.എം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പ്രദേശത്ത് വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കണ്ടല്‍ക്കാടുകള്‍ വളരെ കുറഞ്ഞതോതിലേ വെട്ടിയിട്ടുള്ളൂവെന്നതിനാല്‍ നടപടിയെടുക്കാനാവില്ല. തണ്ണീര്‍ത്തടം നികത്തുന്നതിനെതിരെ നടപടിയെടുക്കുമെന്ന് വില്ലേജ് അധികൃതര്‍ അറിയിച്ചു. സ്റ്റോപ്പ്‌മെമ്മോ നല്‍കുമെന്നും ഇവിടെ നികത്തിയ മണ്ണ് തിരിച്ചെടുപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.