നിരന്തരം ദ്രോഹിക്കുന്നു, കള്ളക്കേസുകളില്‍ കുടുക്കാനും ശ്രമം; എസ്.ഐ കുടുംബം തകര്‍ക്കുന്നുവെന്നാരോപിച്ച് ഡി.ഐ.ജിക്ക് വടകര എടച്ചേരി സ്വദേശിയുടെ പരാതി
വടകര: എസ്.ഐ കുടുംബം തകര്‍ക്കുന്നുവെന്നാരോപിച്ച് കണ്ണൂര്‍ റെയിഞ്ച് ഡി.ഐ.ജി.ക്ക് അച്ഛന്റെയും മക്കളുടെയും പരാതി. എടച്ചേരി സ്വദേശി കണ്ടിയില്‍ നിജേഷും മക്കളുമാണ് പരാതി നല്‍കിയത്. നേരത്തെ എടച്ചേരി സ്‌റ്റേഷനിലുണ്ടായിരുന്ന ഇപ്പോള്‍ വയനാട് എസ്.ഐയായി ജോലി ചെയ്യുന്ന ജീവനക്കാരനെതിരെയാണ് പരാതി.
മക്കള്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് നിജേഷിന്റെ പേരില്‍ നേരത്തേ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ചെയ്തിരുന്നു. എസ്.ഐ.യുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഈ കേസുകളെല്ലാമെന്നാണ് പരാതിയില്‍ പറയുന്നത്.
ആദ്യത്തെ കേസ് രജിസ്റ്റര്‍ചെയ്തശേഷം നിജേഷിന് ജാമ്യം കിട്ടിയിരുന്നു. എന്നാല്‍ മറ്റൊരു കേസില്‍ അകത്താക്കുമെന്ന് എസ്.ഐ. ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെ 308 വകുപ്പുള്‍പ്പെടെ ചുമത്തി അടുത്ത കേസ് രജിസ്റ്റര്‍ചെയ്തു. ഇക്കാര്യങ്ങള്‍ കാണിച്ച് നിജേഷ് കോഴിക്കോട് റൂറല്‍ എസ്.പി.ക്ക് അന്ന് പരാതിനല്‍കിയിരുന്നു. ഇതില്‍ സൈബര്‍ സെല്‍ അന്വേഷണം നടത്തുകയും എസ്.ഐ.യുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നുകണ്ട് അച്ചടക്കനടപടിയെന്ന നിലയില്‍ അദ്ദേഹത്തെ വയനാട്ടിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിനുശേഷം തന്നെയും കുടുംബത്തെയും നിരന്തരം ദ്രോഹിക്കുകയാണ് എസ്.ഐയെന്ന് പരാതിയില്‍ ആരോപിക്കുന്നു. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. ഇത് മാനസികമായി വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നെന്നും എസ്.ഐ.യുടെ വാട്സാപ്പ് ചാറ്റുകളും കോളുകളും പരിശോധിച്ചാല്‍ ഇതെല്ലാം വ്യക്തമാകുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
തുടര്‍ച്ചയായുള്ള കേസുകള്‍ കാരണം നിജേഷിന് ജോലിക്കുപോവാന്‍ സാധിക്കുന്നില്ലെന്നു മാത്രമല്ല കോടതിച്ചെലവുകള്‍ക്കായി വന്‍ തുക കടമെടുക്കേണ്ടിയുംവരുന്നു.