മുചുകുന്ന് ഗവ:കോളേജ് ഫ്‌ലഡ്‌ലിറ്റ് സ്റ്റേഡിയം ഒരുങ്ങി,സെവന്‍സ് ഫുട്‌ബോളിന്റെ ആഘോഷ ആരവങ്ങള്‍ ഇന്ന് ഏഴുമണിമുതല്‍; മാറ്റുരയ്ക്കുന്നത് ഈ എട്ട് ടീമുകള്‍


കൊയിലാണ്ടി: കാല്‍പ്പന്തുകളിയുടെ കളിയാവേശത്തിന് മുചുകുന്നില്‍ ഇന്ന് തുടക്കമാകും. ഇന്ത്യയിലെ പ്രഗത്ഭരായ സെവന്‍സ് രാജാക്കന്മാര്‍ കൊമ്പുകോര്‍ക്കുന്ന രണ്ടു രാത്രികള്‍ക്ക് ഇന്ത്യന്‍ ഫുട്ബാള്‍ താരം സി.കെ വിനീത് വൈകുന്നേരം തുടക്കം കുറിക്കും.

പൂള്‍ എയിലെ എട്ട് ടീമുകളാണ് കളത്തില്‍ ഇറങ്ങുന്നത്. ടീം സെക്കുലര്‍ പുളിയഞ്ചേരി, എഫ്.സി.ഉള്ള്യേരി, ടീം മേമന വയനാട്, സാന്റ് ബാങ്ക്‌സ് എഫ്.സി വടകര, ദിവ്യ ഫ്രൂട്ട്‌സ് ആന്റ് കൂള്‍ബാര്‍ കൊല്ലം, എഫ്.സി കമ്പളക്കാട്, ടി.എം99 കോട്ടക്കല്‍, എഫ്.സി കൂത്തുപറമ്പ എന്നിവയാണ് പൂള്‍ എ.യില്‍ ഉള്‍പ്പെട്ട ടീമുകള്‍.

ടീം സെക്കുലര്‍ പുളിയഞ്ചേരിയും മേമന വയനാടും തമ്മിലാണ് ആദ്യ മത്സരം. എഫ്.സി കൂത്തുപറമ്പും, എഫ്.സി കമ്പളക്കാടും തമ്മിലാണ് അടുത്ത മത്സരം. അടുത്ത മത്സരത്തില്‍ സാന്റ് ബാങ്ക് എഫ്.സി വടകര ദിവ്യ ഫ്രൂട്ട്‌സ് ആന്റ് കൂള്‍ബാറുമായി ഏറ്റുമുട്ടും. എഫ്.സി ഉള്ള്യേരിയും ടിഎം 99 കോട്ടക്കലും തമ്മിലുള്ളതാണ് നാലാമത്തെ പോരാട്ടം. തുടര്‍ന്ന് ആദ്യമത്സരങ്ങളില്‍ ജയിച്ച ടീമുകളില്‍ തമ്മില്‍ സെമി ഫൈനല്‍ പോരാട്ടവും തുടര്‍ന്നുള്ള രണ്ട് ടീമുകള്‍ തമ്മിലുള്ള ഫൈനല്‍ പോരാട്ടവും നടക്കും. ഇന്ന് ഫൈനലില്‍ ജയിക്കുന്ന ടീമും നാളത്തെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെടും.

കായിക മേഖലക്കൊപ്പം സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലും ഒരു ദേശത്തിന്റെ സുകൃതമായ് പ്രവര്‍ത്തിക്കുന്ന കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല പുളിയഞ്ചേരിയാണ് കെ.ടി.എസ് സോക്കര്‍ നൈറ്റ് എന്ന പേരില്‍ ഫുട്‌ബോള്‍ മാമാങ്കം സംഘടിപ്പിക്കുന്നത്. ടി.കെ ഭാര്‍ഗ്ഗവന്‍ സ്മാരക വിന്നേഴ്‌സ് കപ്പിനും എം.കെ സോമന്‍, പി വാസു സ്മാരക റണ്ണേഴ്‌സ് കപ്പിനും വേണ്ടിയുള്ള അഞ്ചാമത് കെ.ടി.എസ് സോക്കര്‍ നൈറ്റ് മുചുകുന്ന് ഗവ:കോളേജ് ഫ്‌ലഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

ഇടിമിന്നല്‍ ഷോട്ടുകളും ത്രസിപ്പിക്കുന്ന മുന്നേറ്റങ്ങളും മിഴിവേകുന്ന കാല്‍പ്പന്തുകളിയുടെ കളിയാവേശം നിറച്ച് വസന്ത കാലത്തിന്റെ ആഘോഷങ്ങള്‍ കൊയിലാണ്ടിയില്‍ ആരംഭിച്ചു കഴിഞ്ഞു.