തെങ്ങിന്‍ തൈകള്‍, ജൈവ വളം എന്നിവ സബ്‌സിഡി നിരക്കില്‍; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ സമഗ്ര നാളീകേര വികസന പദ്ധതിയ്ക്ക് തുടക്കമായി
മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ സമഗ്ര നാളീകേര വികസനന പദ്ധയിയ്ക്ക് തുടക്കമായി. കൃഷിഭവന്റെ 2024 ജനകീയാസൂത്രണ പദ്ധതിയായ സമഗ്ര നാളീകേര വികസനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു.
പദ്ധതിയില്‍ 8000 തെങ്ങുകള്‍ക്ക് കുമ്മായം, ട്രൈക്കോഡെര്‍മ മിത്രകുമിള്‍ ചേര്‍ത്ത ജൈവവളം, തെങ്ങിന്‍ തൈകള്‍ എന്നിവ 75% സബ്‌സിഡിയിലും പൊട്ടാഷ് 50% സബ്‌സിഡിയിലും ലഭിക്കും.
കൂടാതെ പദ്ധതിയിലെ സര്‍വ്വീസ് പ്രോവൈഡര്‍മാരായ കാര്‍ഷിക കര്‍മ്മസേന വഴി തൈകളും വളവും, കോ-ഓപ്പറേറ്റീവ് സര്‍വീസ് ബാങ്ക് ഡിപ്പോ വഴി കുമ്മായവും പൊട്ടാഷും ലഭിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസിഡന്റ് കെ.ടി രാജന്‍ വളവും തൈകളും ഗുണഭോക്താവായ കുഞ്ഞിരാമന്‍ അളകയ്ക്ക് നല്‍കി കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
കൃഷി ഓഫീസര്‍ ഡോ.ആര്‍.എ അപര്‍ണ പദ്ധതി വിശദീകരണം നടത്തി. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍, ടൗണ്‍ വാര്‍ഡ് മെമ്പര്‍ റാബിയ എടത്തിക്കണ്ടി, കൃഷി അസിസ്റ്റന്റ് സി.എസ് സ്‌നേഹ, കളയം കുളത്ത് മൊയ്തീന്‍ മാസ്റ്റര്‍, കെ.വി നാരായണന്‍, കുഞ്ഞിരാമന്‍ കിടാവ്, കെ.എം കൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എന്‍.കെ ഹരികുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കൃഷി അസിസ്റ്റന്റ് എസ്. സുഷേണന്‍ നന്ദി പറഞ്ഞു.
Description: A comprehensive coconut development plan has been launched in Mepayyur village panchayat