മത്സ്യസമ്പത്തിന് ഭീഷണിയായ ഡബിള്‍നെറ്റ് വലകള്‍ നിരോധിക്കുക; പ്രതിഷേധവുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, തീരദേശ ഹര്‍ത്താല്‍ കൊയിലാണ്ടിയില്‍ പൂര്‍ണം
കൊയിലാണ്ടി: കേരളത്തിലെ മത്സ്യസമ്പത്തിനെ നശിപ്പിക്കുന്ന തരത്തിലുള്ള അശാസ്ത്രീയമായ മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ കൊയിലാണ്ടിയില്‍ പൂര്‍ണം. ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം അറിയിച്ച് കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും ഇന്ന് മത്സ്യത്തൊഴിലാൡകള്‍ ബോട്ടുകള്‍ ഇറക്കിയില്ല.
മത്സ്യസമ്പത്തും പരിസ്ഥിതിയും നശിപ്പിക്കുന്ന നിരോധിത മത്സ്യബന്ധന രീതികളായ പെയര്‍ ട്രോളിങ്ങും (ഡബിള്‍നെറ്റ്), ഡ്രജ്ജര്‍ വലയും കരവലയും ലൈറ്റ് ഫിങ്ങും അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണണെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആഴശ്യം. കൂടാതെ മത്സ്യബന്ധന യാനങ്ങളുടെ വാര്‍ഷിക ഫീസ് വര്‍ധന പുനപരിശോധിക്കണമെന്ന ആവശ്യവും തൊഴിലാളികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
മണ്ണെണ്ണ ആവശ്യാനുസരണം വിതരണം ചെയ്യണമെന്ന ആവശ്യവും തൊഴിലാളികള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ഹാര്‍ബറുകളില്‍ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന ഇതര സംസ്ഥാന ബോട്ടുകാര്‍ ഉള്‍പ്പെടെയുള്ള വലിയ ബോട്ടുകള്‍ എല്ലാം പെയര്‍ ട്രോളിങ് ഉപയോഗിച്ചാണ് മത്സ്യബന്ധനം നടത്തുന്നതെന്ന് തൊഴിലാളികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതുമൂലം മത്സ്യ സമ്പത്തും കടലിന്റെ പരിസ്ഥിതിയും നശിക്കുന്നു. ചെറുമത്സ്യങ്ങളടക്കം ഈ വലയില്‍ കുടുങ്ങുകയാണ്. കാലാവസ്ഥാ മുന്നറിയിപ്പ് മൂലമുള്ള തൊഴില്‍ നഷ്ടങ്ങളും ഇന്ധന വില വര്‍ധനവും മത്സ്യ സമ്പത്തിന്റെ കുറവും കിട്ടുന്ന മത്സ്യത്തിന് ന്യായവില ലഭിക്കാത്തതും മൂല്യം മത്സ്യമേഖല ഇപ്പോള്‍ തന്നെ ദുരിതത്തിലാണെന്നും തൊഴിലാളികള്‍ പറയുന്നു. നിയമലംഘനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും കരയിലും കടലിലും പരിശോധന നടത്തി ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് തൊഴിലാളികള്‍ കലക്ടറോട് ആവശ്യപ്പെട്ടത്.
Summary: Ban doublenet nets that threaten fisheries. Traditional fishermen in protest, complete coastal hartal in Koyilandy