ചാകരയ്ക്ക് കാരണം കടലില്‍ ചെളിയിളകിയതാകാം; എളമ്പക്ക കരക്കടിഞ്ഞ പ്രദേശത്ത് പഠനം നടത്തിയ വിദഗ്ധസംഘത്തിലെ ഡോ.പി.കെ അശോകന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കൊയിലാണ്ടി: മഴയായതോടെ കടലിന്റെ അടിത്തട്ടില്‍ ചെളി ഇളകിയതാകാം എളമ്പക്ക കൂട്ടത്തോടെ കരയിലേക്ക് അടിഞ്ഞുകൂടിയതിന് കാരണമെന്ന് കോഴിക്കോട് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ ഡോ.പി.കെ അശോകന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം എളമ്പക്ക ചാകര കണ്ടെത്തിയ പാലക്കുളം മന്ദമംഗലം ബീച്ചുകളില്‍ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.

ഇവിടെ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ അതിന്റെ ഫലം ലഭിച്ചശേഷമേ പറയാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ എളമ്പക്കകള്‍ കഴിക്കുന്നതില്‍ ആശങ്കവേണ്ടെന്നും അദ്ദേഹം അറിയിച്ചു. മുമ്പ് കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്തും പുതിയാപ്പ ബീച്ചിലും സമാനമായ രീതിയില്‍ എളമ്പക്ക ചാകരയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മൂടാടി ഉരുപുണ്യകാവ് കുന്നുമുതല്‍ കൊല്ലം പാറപ്പള്ളി വരെയുള്ള ഭാഗങ്ങളിലാണ് എളമ്പക്ക ചാകരയുള്ളത്. പൊതുവെ കടല്‍ വളരെ ശാന്തമായ ഇടമാണിത്. ചാകര കണ്ടെത്തിയതു മുതല്‍ പ്രദേശത്ത് എളമ്പക്ക പെറുക്കാനെത്തുന്നവരുടെ തിരക്കാണ്. കൊയിലാണ്ടിക്കാര്‍ക്ക് പുറമേ വടകരയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നും കുറ്റ്യാടിയില്‍ നിന്നൊക്കെ ആളുകള്‍ കൂട്ടത്തോടെ എളമ്പക്ക പെറുക്കാനെത്തിയിരുന്നു. കുട്ടികളെയും മറ്റും കൂട്ടി ചാകര കാണാനെത്തുന്നവരും കുറവല്ല.

മുമ്പും ഇവിടെ എളമ്പക്കകള്‍ കരക്കടിഞ്ഞിരുന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ ഇത്രത്തോളം എളമ്പക്കകള്‍ കൂട്ടത്തോടെ കാണപ്പെടുന്നത് ആദ്യമായാണെന്നും അവര്‍ പറയുന്നു.