‘കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങള്‍ കൊടുത്തത്, കേരളവും ഇവിടുത്തെ ജനങ്ങളും ലോകമാകെ അപമാനിക്കപ്പെട്ടു”; വയനാട് ദുരിതാശ്വാസ കണക്ക് വിവാദത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ കണക്കിനെ സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ, കേരളം കണക്കുകള്‍ പെരുപ്പിച്ച് അനര്‍ഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന് നല്‍കിയ മെമ്മോറാണ്ടത്തിലെ കണക്കുകള്‍ ചിലവിന്റെ കണക്കായി വ്യാഖ്യാനിച്ചാണ് വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കിയത്. ഏതുവിധേനയും സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഈ ത്വരയില്‍ ചതിച്ചത് ദുരന്തത്തിനെതിരയായ മനുഷ്യരെയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, അതിനു പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരാണ്. അങ്ങനെ തയ്യാറാക്കിയ വിവരങ്ങളാണ് കള്ളക്കണക്ക് എന്ന് പറഞ്ഞു ആക്ഷേപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘പെട്ടെന്നു കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങള്‍ കൊടുത്തത്. വയനാട് വിഷയത്തില്‍ കേന്ദ്രത്തിന് സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തുവെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചു. കേരളം കണക്കുകള്‍ പെരുപ്പിച്ച് അനഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറി. കേരളവും അവിടുത്തെ ജനങ്ങളും ലോകമാകെ അപമാനിക്കപ്പെട്ടു. വ്യാജവാര്‍ത്തകളുടെ പിന്നിലുള്ള അജന്‍ഡ നാടിന് എതിരെയുളളതാണ്’ മുഖ്യമന്ത്രി പറഞ്ഞു.
യഥാര്‍ത്ഥ നഷ്ടം 1200 കോടി രൂപയില്‍ കൂടുതലാണെന്ന് കണക്കാക്കിയിരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. നാടിനെ പുനര്‍നിര്‍മിക്കാള്‍ 2000 കോടിയിലധികം വേണ്ടിവരും. അപ്പോഴാണ് 216 കോടി രൂപ ആവശ്യപ്പെട്ടതിനെ വളച്ചൊടിച്ചത്. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ ഒരു രൂപ പോലും ചെലവഴിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്.ഡി.ആര്‍.എഫിന്റെ വളരെ ഇടുങ്ങിയ മാനദണ്ഡങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു.
വയനാട്ടില്‍ ദുരന്തത്തില്‍പെട്ട എല്ലാവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കി. ദുരന്തത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് 6 ലക്ഷം രൂപ വീതം നല്‍കി. 173 പേരുടെ സംസ്‌കാരചടങ്ങുകള്‍ക്കായി കുടുംബത്തിന് 10000 രൂപ വീതം നല്‍കി. പരുക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയില്‍ തുടര്‍ന്ന 26 പേര്‍ക്ക് 17,16,000 രൂപ സഹായം നല്‍കി. 1013 കുടുംബങ്ങള്‍ക്ക് അടിയന്തരമായി 10000 രൂപ വീതം സഹായം നല്‍കി. 1694 പേര്‍ക്ക് 30 ദിവസം 300 രൂപ വീതം നല്‍കി. 33 കിടപ്പുരോഗികള്‍ക്ക് 2,97,000 രൂപ നല്‍കി. 722 കുടുംബങ്ങള്‍ക്ക് പ്രതിമാസവാടക 6000 രൂപ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Summary: pinaray vijayan against media reports about wayanad chooralmala landslide estimated figures