കലോത്സവ വേദി മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയായി മാറും-മുഖ്യമന്ത്രി; കോഴിക്കോടിന്റെ മണ്ണില്‍ 61ാമത് കലോത്സവമാമാങ്കത്തിന് തിരിതെളിഞ്ഞു


കോഴിക്കോട്: കോഴിക്കോടിന്റെ മണ്ണില്‍ നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി. കലോത്സവ വേദി മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയായി മാറുമെന്ന് കലോത്സവമാമാങ്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. മത്സരം എന്നതിലുപരി ഇത് ഒരു സാംസ്‌കാരിക കൂട്ടായ്മയാണ്. വിജയിക്കുന്നതിലല്ല, മത്സരിക്കുക എന്നതിനാണ് പ്രാധാന്യം.

രക്ഷിതാക്കള്‍ അനാവശ്യ മല്‍സര പ്രവണത കാണിക്കുന്നു എന്ന വിമര്‍ശനം ഉണ്ട്. എല്ലാ കുട്ടികളുടെയും വിജയത്തില്‍ സന്തോഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ വീണ്ടെടുപ്പിന് കലോല്‍സവങ്ങള്‍ സഹായിക്കുന്നു. കൊവിഡ് മുന്‍കരുതലുകള്‍ തുടരണം.അതിതീവ്ര വ്യാപനശേഷിയാണ് ഇപ്പോഴത്തെ കൊവിഡിന് മുമ്പ് സ്വീകരിച്ച ശീലങ്ങള്‍ ഇനിയും ആവര്‍ത്തിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്‌കൂള്‍ കലാമേള വീണ്ടും നടക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇനങ്ങളില്‍ കൗമാര പ്രതിഭകള്‍ മാറ്റുരയ്ക്കും.

കാലാനുസൃതമായി കലോല്‍സവ മാന്വല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഗോത്രകലകളെ കലോല്‍സവത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.