വഴിയരികില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ പഴങ്കഥയാവും, കേരളം ക്ലീനാകുമ്പോള്‍ ഒപ്പം കൊയിലാണ്ടിയും തിളങ്ങും; മണ്ഡലത്തില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി


കൊയിലാണ്ടി: റോഡരികിലും ആളൊഴിഞ്ഞ പ്രദേശത്തും പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളില്ലാത്ത, വീട്ടുപരിസരത്തും കടകളുടെ പിറകിലും ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളുമില്ലാത്ത ഒരു കൊയിലാണ്ടി, ആ യാത്രയിലാണ് നഗരസഭയും മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളും. മാലിന്യമുക്ത നവകേരളം എന്ന പദ്ധതിയുടെ ഭാഗമാകാന്‍ കൊയിലാണ്ടി നിയോജക മണ്ഡലവും ഒരുങ്ങിക്കഴിഞ്ഞു. ഇതിന്റെ ആദ്യ പടിയെന്നോളം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ മാലിന്യ പരിപാലന മോണിറ്ററിങ് സമിതി യോഗം ചേര്‍ന്നു. എം.എല്‍.എയ്ക്കു പുറമേ മണ്ഡലത്തിന്റെ ഭാഗമായിരുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും മറ്റ് ജനപ്രതിനിധികളും യോഗത്തില്‍ പങ്കാളികളായിരുന്നു.

മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം നേടുന്നതിനും 2016 ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനുമായാണ് ഇത്തരമൊരു പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിലൂന്നിയുള്ള അടിസ്ഥാന സൗകര്യം വികസനം, മാലിന്യം വലിച്ചെറിയാല്‍ മുക്ത സംസ്ഥാനമായി കേരളത്തെ മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ പദ്ധതിക്കുണ്ട്.

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് മാലിന്യമുക്ത നവകേരളം പദ്ധതി നടപ്പിലാക്കാനുള്ള ഇടപെടലുകള്‍ വേഗത്തിലാക്കിയത്. 2024 മാര്‍ച്ച് 31ന് മുമ്പ് കേരളത്തെ മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഖരമാലിന്യ പരിപാലന ചട്ടം 2016 സമയബന്ധിതമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്തലാണ് എം.എല്‍.എ ചെയര്‍മാനായ കമ്മിറ്റിയുടെ ചുമതല. ഇതിനായുള്ള മാലിന്യമുക്ത ക്യാമ്പയില്‍ സംവിധാനം ഏകോപിപ്പിക്കുന്നതും കമ്മിറ്റിയാണ്.

ഉറവിട മാലിന്യ സംസ്‌കരണത്തിലൂടെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാനാണ് ലക്ഷ്യമിടുന്നത്. ഹരിത കര്‍മ്മ സേനപോലുള്ള സംവിധാനങ്ങളെക്കൂടി ഇതില്‍ പങ്കാളികളാക്കും. ക്ലീന്‍ കൊയിലാണ്ടി പദ്ധതിയുടെ ആദ്യപടിയെന്നോണം മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ അവിടിവിടെയായി കുന്നുകൂട്ടിയിട്ടിരുന്ന ചപ്പചവറുകള്‍ നീക്കം ചെയ്തതായി പഞ്ചായത്തുകള്‍ അറിയിച്ചു. സ്‌കൂള്‍ തലം മുതലുള്ള ബോധവത്കരണം മാലിന്യ നിര്‍മ്മാര്‍ജ്ജന കാര്യത്തില്‍ വേണമെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയിലും മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങള്‍ക്കിടയിലും മാലിന്യ നിര്‍മ്മാര്‍ജ്ജന വിഷയത്തില്‍ ബോധവത്കരണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

2024 മാര്‍ച്ച് 31 ഓടുകൂടി മാലിന്യക്കൂനകള്‍ കുന്നുകൂടിക്കിടക്കാത്ത, മൂക്കുപൊത്താതെ, അറപ്പുതോന്നാതെ എവിടെയും നടന്നുപോകാന്‍ കഴിയുന്ന തരത്തിലുള്ള ഒരു കൊയിലാണ്ടിയെ രൂപപ്പെടുത്താന്‍ ഈ പ്രവര്‍ത്തനങ്ങളിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.