‘ഒരുപാട് നന്മകളും മാതൃകകളും അവശേഷിപ്പിച്ചാണ് നീ കടന്ന് പോകുന്നത്, എല്ലാവരും നിന്നെ ഓര്‍ത്ത് കൊണ്ടിരിക്കും, കാരണം നന്മകള്‍ക്ക് മരണമില്ലല്ലോ…’; അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ റസിയയെ കുറിച്ച് ഹൃദയ സ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പുമായി സഹപാഠി


അരിക്കുളം: നിങ്ങള്‍ക്ക് അവള്‍ മേഡമോ പ്രിന്‍സിപ്പലോ ടീച്ചറോ ഒക്കെയാവാം, പക്ഷേ എനിക്ക് അവളാണ്, റസിയയാണ്. എന്റെ പ്രീഡിഗ്രി സഹപാഠി. അന്തരിച്ച കെ.പി. മായന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എം. റസിയയെ കുറിച്ചുള്ള ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്ക് വെച്ച് സഹപാഠി മൂസക്കോയ.


‘ഒരുപാട് നന്മകളും മാതൃകകളും അവശേഷിപ്പിച്ചാണ് റസിയ കടന്ന് പോയത്. എല്ലാവരും നിന്നെ ഓര്‍ത്ത് കൊണ്ടിരിക്കും, കാരണം നന്മകള്‍ക്ക് മരണമില്ല. പ്രീഡിഗ്രി മുതല്‍ ഇത് വരേ ഉപാധികളില്ലാതെ വഴി കാട്ടുന്ന മെന്ററാണ്. തിരുത്തുന്ന സുഹൃത്ത്. കുറുമ്പും കുശുമ്പും വിമര്‍ശിക്കുന്ന സഹോദരിയുമാണ് റസിയയെന്ന് മൂസകോയ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

കടല്‍ അവള്‍ക്ക് ഏറെയിഷ്ടമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് വടകര സാന്‍ ബാഗില്‍ നടന്ന ഏകദിന പരിശീലനത്തിനൊടുവില്‍ ഞങ്ങളെല്ലാവരും കടല്‍ത്തീരത്തൂടെ ഉലാത്തുമ്പോള്‍ അവള്‍ ഏറെ ചിരിച്ചു കളിച്ചു നടന്നത് ഇപ്പോഴും ഓര്‍ക്കുന്നു. ജീവിതം മുഴുവന്‍ ഒരു കടലാഴം ഉള്ളില്‍ കൊണ്ടു നടന്നവളാണവള്‍. ക്ഷമിക്കണം, നിങ്ങള്‍ക്ക് അവള്‍ മേഡമോ പ്രിന്‍സിപ്പലോ ടീച്ചറോ ഒക്കെയാവാം. പക്ഷേ എനിക്ക് അവളാണ്, റസിയയാണ്.എന്റെ പ്രീഡിഗ്രി സഹപാഠി. അത് മുതല്‍ ഇത് വരേ ഉപാധികളില്ലാതെ വഴി കാട്ടുന്ന മെന്റര്‍. തിരുത്തുന്ന സുഹൃത്ത്. കുറുമ്പും കുശുമ്പും വിമര്‍ശിക്കുന്ന സഹോദരി. അസൂയ ലേശമില്ലാതെ എളിയ നേട്ടങ്ങള്‍ പോലും ആഘോഷിക്കുന്നവള്‍. പഠന ശേഷവും ഇന്നു വരെ ആ സൗഹൃദം ഒട്ടും തെളിച്ചം പോവാതെ കൊണ്ടു നടന്നവരാണ് ഞങ്ങള്‍. പക്ഷേ ഇടക്കാലത്ത് ഇരുവരുടെയും തിരക്ക് കാരണമാവാം ആ ഫോണ്‍ വിളിക്കിടയില്‍ വല്ലാതെ ദൈര്‍ഘ്യം വന്നു പോയി. ആ ദൈര്‍ഘ്യത്തിനിടയിലാണത്രേ ജീവിതയാത്ര യിലെവിടെയും വീണുപോകാത്ത അവള്‍ എവിടെയോ ഒന്ന് തെന്നി വീണത്.

എന്തെങ്കിലുമൊക്കെ പറഞ്ഞ് അവളെ ശുണ്ഠി പിടിപ്പിക്കല്‍ ഞങ്ങള്‍ സഹപാഠികള്‍ക്ക് ഒരു ഹരമായിരുന്നു. 37 വര്‍ഷം നീണ്ട സൗഹൃദക്കാലത്ത് ഒരിക്കല്‍ പോലും മുഷിഞ്ഞ് പറയേണ്ടി വന്നിട്ടില്ല.ജീവിതത്തിലേറ്റവും സ്വാധീനിച്ച ഒരു മെന്റര്‍ സഹോദരി, സഹപാഠി എന്നൊക്കെ പറഞ്ഞ് ഒരു പെണ്‍ സുഹൃത്തിനെ ചൂണ്ടി കാണിക്കാന്‍ പറഞ്ഞാല്‍ അതെനിക്ക് നിങ്ങളുടെ റസിയ ടീച്ചറാണ്.

സ്റ്റാഫ് മീറ്റിങ്ങ് കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ കൈ കഴുകുമ്പോഴാണ് വിളി വന്നത്. പിന്നെ നിന്നില്ല ട്രൈനിലും ബസിലും ഓട്ടോയിലും ബൈക്കിലുമായി തിരക്കിട്ടോടി, കൃത്യം 5.25 ന് ഉള്ള്യേരിയില്‍ എത്തുമ്പോള്‍ പള്ളിയിലേക്കെടുത്തിരിക്കുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ് കബറിടത്തിലേക്ക് കൊണ്ടുപോവുകയാണ്. വേണമെങ്കില്‍ കാണാത്തവര്‍ക്ക് മാത്രമായി ഒരു വട്ടം കൂടി പള്ളിയില്‍ വച്ചും കാണിക്കാന്‍ കഴിയും. അപ്പോഴാണ് കണ്ടിട്ടില്ലാത്ത അടുത്ത ബന്ധുവായ സ്ത്രീ പള്ളിയിലേക്ക് വരുന്നത്. അവര്‍ക്കായി ഒരിക്കല്‍ കൂടി കഫന്‍ പുടവ ആരോ മാറ്റി കൊടുക്കുന്നു. ആള്‍ തിരക്കിലൂടെ അവസാനമായി ഒരു വട്ടം ഞാനും കണ്ടു പ്രിയ സുഹൃത്തിന്റെ ആ മുഖം. ഹാവൂ…. ഞാനുറച്ച് വിശ്വസിക്കുന്നു ആ സ്ത്രീയെ കാണാന്‍ ദൈവം ബാക്കി വച്ചതാണ്, എനിക്ക് കൂടി കാണിക്കാനായി. ഒടുവില്‍ പള്ളിപ്പറമ്പില്‍ ഖബറിടത്തില്‍ മൂന്നു പിടി മണ്ണു വാരിയിട്ട് തിരികെ വരുമ്പോള്‍ കരള്‍ നോവുകയാണ്. ഇന്നലെയിതേ സമയത്താണ് അയല്‍വാസിയും സൗമ്യനായ സുഹൃത്തുമായ സുരേഷ് ബാബു കടന്നുപോയത്.

1984 ല്‍ കൊയിലാണ്ടി കോളജിലെ പ്രീഡിഗ്രി ക്ലാസിലെ രണ്ടേ രണ്ട് തട്ടക്കാരികള്‍, ഇയ്യാട് നിന്നുള്ള സാബിറയും ഉള്ള്യേരിക്കാരി റസിയയും. അന്നൊക്കെ മുസ്ലിം പെണ്‍ കുട്ടികള്‍ സ്‌കൂള്‍ ക്ലാസ് കംപ്ലീറ്റ് ചെയ്യുന്നത് തന്നെ അപൂര്‍വ്വം. പെണ്‍കുട്ടികള്‍ കോളേജിലേക്കു പോകുന്നത് അലിഖിതമായെങ്കിലും വിലക്കിയ കാലം.സാബിറ നന്നായി സംസാരിക്കും, ഇടപെടും.റസിയ പക്ഷേ ആരോടും അധിക സംസാരമൊന്നുമില്ല. ഒരേ റൂട്ടില്‍ ബസില്‍ വരുമ്പോള്‍ കാണുന്ന പരിചയം കൊണ്ടാവണം ഞാന്‍, പ്രസാദ് സുരേന്ദ്രന്‍ കുഞ്ഞബ്ദുള്ള മുഹമ്മദ് എന്നിവരോട് അത്യാവശ്യത്തിന് മാത്രം സംസാരം. പില്‍ക്കാലത്ത് വായിച്ച എം.ടി.യുടെ നിന്റെ ഓര്‍മക്ക് കഥയിലെ കിലുക്കാം പെട്ടി പെണ്‍കുട്ടിയെ പോലെ മിക്ക സമയവും തന്റേതായ ലോകത്താണവള്‍. വളരെ വൈകി കോളേജില്‍ നിന്ന് വിട പറയുമ്പോഴാണറിയുന്നത് എന്തായിരുന്നു ആ മൗനത്തിന്റെ കാരണമെന്ന്. കൗമാരത്തില്‍ തന്നെ യാദൃശ്ചികമായെങ്കിലും ജീവിത ഭാരം ഏറ്റെടുക്കേണ്ടി വന്നവളാണവള്‍. പ്രീഡിഗ്രിക്ക് ശേഷം പിന്നീട് ഒരു പൊരുതിക്കയറ്റമായിരുന്നു അവളുടെ ജീവിതം. അക്കാലത്തെ ശരാശരി മുസ്ലിം പെണ്‍കുട്ടിയ്ക്ക് സങ്കല്പിക്കാന്‍ പോലും പറ്റാത്ത ഉന്നതങ്ങളിലേക്കാണ് അവള്‍ അധ്വാനിച്ച് മുന്നേറിയത്. ആദ്യം ഡിഗ്രി, പിജി, ബിഎഡ്, സെറ്റ് എല്ലാം നേടി. നാട്ടില്‍ ഇരുപത്തിയഞ്ച് വര്‍ഷം ഹൈസ്‌കൂള്‍ അധ്യാപിക. പിന്നീട് ഹയര്‍ സെക്കണ്ടറി ടീച്ചര്‍. ഒടുവില്‍ അരിക്കുളം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പളായി അഞ്ച് വര്‍ഷം. ലഹരിക്കും കൗമാര ചാപല്യങ്ങള്‍ക്കും ഇരയായി ആത്മഹത്യയിലേക്ക് വരേ പോയ നിരവധി കുട്ടികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്ന കൗണ്‍സിലറാണ് അവള്‍. നൂറു കണക്കിന് കുട്ടികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കിയ ട്രൈനര്‍. എന്നാല്‍ അവള്‍ പറഞ്ഞ് കൊടുത്ത മോട്ടിവേഷന്‍ കഥകളിലെ മഹാന്‍മാരല്ല അവളുടെ ജീവിതം തന്നെയായിരുന്നു യഥാര്‍ത്ഥ മോട്ടിവേഷനെന്നത് അവളെ അറിയുന്നവര്‍ക്കല്ലേ അറിയൂ. കൂടെ പഠിച്ചു പോയവരുടെയെല്ലാം വിവരങ്ങള്‍ തെരെഞ്ഞ് പിടിച്ച് വിളിച്ചു പറയുമായിരുന്നു. അങ്ങിനെയൊരിക്കലാണ് പറമ്പിന്റെ മുകളില്‍ നിന്ന് വരുന്ന സി. രതി എന്ന ഞങ്ങളുടെ സഹപാഠി വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച് പോയ വിവരം പറഞ്ഞത്.അന്നത് പറയുമ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞ് മുഖം തുടുത്തു പോയത് ഓര്‍ക്കുന്നു. സങ്കടക്കഥകള്‍ കേള്‍ക്കുമ്പോള്‍ സഹിക്കാനാവില്ലവള്‍ക്ക്. ഒരിക്കല്‍ ഒരു ഫോണ്‍ കോള്. ‘ന്താ കാര്യം റസിയാ”, ‘നീ നടുവണ്ണൂരിലേക്ക് വാ കുറച്ച് പൈസയും എടുക്കണേ…’
അവിടെയെത്തിയപ്പോഴാണ് പറയുന്നത്. ‘എടോ ഞാന്‍ പെട്രോള്‍ അടിക്കാന്‍ കയറിയതായിനും ഇവിടെ വന്നപ്പഴാ നോക്കിയത്, പേഴ്‌സ് എടുക്കാന്‍ മറന്ന് പോയി”. അന്നും പതിവ് പോലെ നീ വലിയ പ്രിന്‍സിപ്പാളായിട്ട് എന്നോട് പൈസ വായ്പ ചോദിക്കുകയാണോ എന്നൊക്കെ ചോദിച്ചു കുറേ പരിഹസിച്ചു ഞാന്‍. അപ്പോ ‘ഞാനീ നടുവണ്ണൂര് വന്ന് കുടുങ്ങിപ്പോയാല്‍ നിന്നെയല്ലാതെ ആരെ വിളിക്കാനാടോ’ എന്നാണ് ചോദ്യം. പിന്നീട് ഈ പൈസ എന്നോട് തിരികെ വാങ്ങാന്‍ വേണ്ടി എത്ര വിളിയാ വിളിച്ചതന്നോ. സാമ്പത്തിക കാര്യങ്ങളിലൊക്കെയുള്ള ആ സൂക്ഷ്മത പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് മികച്ചൊരു അധ്യാപിക മാത്രമല്ല, കോഴിക്കോട്ടെ ജാഗ്രത സമിതിക്കും ട്രൈനിങ്ങ് മേഖലക്കും നല്ലൊരു പരിശീലകയെ കൂടിയാണ് റസിയയുടെ വിട പറയലില്‍ നഷ്ടമാകുന്നത്. റസിയാ, നിന്റെ ജീവിതത്തിത്തിന്റെ ബാലന്‍സ് ഷീറ്റില്‍ ഒരുപാട് നന്മകള്‍, മാതൃകകള്‍ അവശേഷിപ്പിച്ചാണ് നീ കടന്ന് പോകുന്നത്. അതേ, ഞാനും ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍.ആ സുകൃതം അനുഭവിച്ച തല മുറകള്‍ മാത്രമല്ല അനന്തരം വരുന്നവരും നിന്നെ ഓര്‍ക്കും ഓര്‍ത്ത് കൊണ്ടിരിക്കും, കാരണം നന്മകള്‍ക്ക് മരണമില്ലല്ലോ