താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍; പരിക്കേറ്റ് ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു
കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറുക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസാണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചത്.
താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്റിന് സമീപം വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഘര്‍ഷം. എളേറ്റില്‍ എം ജെ ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. സംഭവത്തില്‍ ഗുരുതരമായി തലയ്ക്ക് ക്ഷതമേറ്റ വിദ്യാര്‍ത്ഥി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസിലെ അഞ്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ താമരശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഞായറാഴ്ച താമരശ്ശേരിയി വ്യാപര ഭവനില്‍ വെച്ച് ട്യൂഷന്‍ സെന്ററിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് പരിപാടി നടത്തിയിരുന്നു. ആഘോഷത്തില്‍ ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന എളേറ്റില്‍ എം ജെ എച്ച് എസ് എസിലെ കുട്ടികളുടെ നൃത്തം പാട്ട് നിന്നതോടെ തടസ്സപ്പെട്ടു.
നൃത്തം തടസ്സപ്പെട്ടപ്പോള്‍ താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചില വിദ്യാര്‍ത്ഥികള്‍ കൂവിവിളിച്ചു. ഇത് നൃത്ത സംഘത്തില്‍ ഉണ്ടായിരുന്നു ഒരു വിദ്യാര്‍ത്ഥിനി ചോദ്യം ചെയ്തു. വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. അധ്യാപകര്‍ ഇടപെട്ട് നിയന്ത്രിക്കുകയായിരുന്നു.
എന്നാല്‍ വ്യാഴാഴ്ച വീണ്ടും സംഘര്‍ഷം ഉണ്ടായി. സോഷ്യല്‍ മീഡിയയിലൂടെയുള്ള ആഹ്വാനമനുസരിച്ച് സ്ഥലത്തെത്തിയ ട്യൂഷന്‍ സെന്ററില്‍ ഉള്ളവരും മുഹമ്മദ് ഷബാസ് ഉള്‍പ്പെടെ ട്യൂഷന്‍ സെന്ററില്‍ ഇല്ലാത്തവരുമായ എളേറ്റില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും താമരശ്ശേരി ജി വി എച്ച് എസ് എസ് വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി. തമ്മില്‍ത്തല്ലിയ വിദ്യാര്‍ത്ഥികളെ നാട്ടുകാരും കടക്കാരും പിന്തിരിപ്പിച്ച് ഓടിച്ചു. പിന്നീട് റോഡിന് സമീപത്ത് വെച്ചും വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ മുഹമ്മദ് ഷഹബാസിന് തലയ്ക്ക് പരിക്കേറ്റു. നഞ്ചക്ക് പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം എന്നാണ് വിദ്യാര്‍ത്ഥികള്‍ പോലീസിനെ അറിയിച്ചത്.