ചിക്കന്റെ പൈസ നല്‍കിയില്ല; ആയഞ്ചേരി മെഡോ വ്യൂ പാര്‍ക്കില്‍ സംഘര്‍ഷം, ഉടമയ്ക്ക് മര്‍ദ്ദനമേറ്റു


ആയഞ്ചേരി: ആയഞ്ചേരി മെഡോ വ്യൂ പാര്‍ക്കില്‍ സംഘര്‍ഷം. പാര്‍ക്കിലെ റെസ്റ്റോറന്റിലേക്ക് ചിക്കന്‍ സപ്ലൈ ചെയ്ത വ്യാപാരികളും ഉടമയും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ റിസോര്‍ട്ട് ഉടമ ഷൈക്കത്തലിക്ക് മര്‍ദ്ദനമേറ്റു.

ചിക്കന്‍ സപ്ലൈ ചെയ്ത വകയില്‍ വ്യാപാരികള്‍ക്ക് റിസോര്‍ട്ട് ഉടമ പണം നല്‍കാനുണ്ടായിരുന്നു. തുക കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് ഇവര്‍ ആറ് മാസമായി ചിക്കന്‍ സപ്ലൈ ചെയ്തിരുന്നില്ല. നിലവില്‍ 21,000 രൂപയാണ് ബാധ്യതയുള്ളത്. കുടിശ്ശികയുള്ള തുക ആവശ്യപ്പെട്ടാണ് വ്യാപാരികള്‍ ഉടമയെ കാണാനെത്തിയത്. എന്നാല്‍ ഇവര്‍ തമ്മിലുള്ള സംസാരം അടിപിടിയില്‍ കാലാശിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

രണ്ട് പേരാണ് പണം ആവശ്യപ്പെട്ട് എത്തിയത്. അവര്‍ക്ക് പണം നല്‍കാതെ വന്നപ്പോള്‍ കൂട്ടമായി എത്തി. റിസോര്‍ട്ടില്‍ അതിക്രമിച്ച്കയറിയ ആള്‍ക്കൂട്ടം ഉടമയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ‘മാന്യമായ രീതിയിലാണ് അവരോട് കാര്യങ്ങള്‍ പറഞ്ഞത്. ഒരാഴ്ചകൊണ്ട് പേയ്‌മെന്റ് ചെയ്യാമെന്നും പറഞ്ഞിരുന്നതായി ഉടമ പറയുന്നു. 30ഓളം ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ ഇരച്ചു കയറുകയായിരുന്നു. ശേഷം കൊല്ലട എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നാണ് പരാതി.

ഷൗക്കത്തിന്റെ മുഖത്തും മുഖത്തെ എല്ലിലും പൊട്ടലുണ്ടെന്നാണ് വിവരം. സംഭവത്തില്‍ വ്യാപാരികളും റിസോര്‍ട്ട് ഉടമയും കുറ്റ്യാടി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ 10 പേര്‍ക്കെതിരെ കേസെടുത്തു.