റേഷന്‍ കടകള്‍ വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ അളവ് കൃത്യമാണോ? സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ കാര്‍ഡുടമകളുടെ വീടുകളിലെത്തി പരിശോധിക്കും


കോഴിക്കോട്: റേഷന്‍ കടകളില്‍നിന്നു വാങ്ങുന്ന ഭക്ഷ്യസാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും കിട്ടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ കാര്‍ഡുടമകളുടെ വസതികളില്‍ പരിശോധനയ്ക്ക് എത്തുന്നു. ഇതുസംബന്ധിച്ച് മാര്‍ഗ നിര്‍ദേശമടങ്ങിയ ഉത്തരവ് പൊതുവിതരണ ഉപഭോക്തൃകമ്മീഷണര്‍ പുറത്തിറക്കി. റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ അളവിലും തൂക്കത്തിലും കൃത്യത ഉറപ്പുവരുത്തുന്നതിനായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ നിര്‍ദേശപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉപഭോക്തൃകമ്മീഷണര്‍ വ്യക്തമാക്കി.

കടയില്‍ നിന്ന് അറിയും മറ്റ് സാധനങ്ങളും വാങ്ങി പുറത്തിറങ്ങുമ്പോള്‍ ബില്‍ പ്രകാരമുള്ള അളവും തൂക്കവുമുണഅടോയെന്ന് റാന്‍ഡം ആയി പരിശോധിക്കാനാണ് നിര്‍ദേശം. താലൂക്ക് സപ്ലൈ ഓഫീസര്‍, സിറ്റി റേഷനിംഗ് ഓഫീസര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ ഓരോ മാസവും അവരവരുടെ അധികാര പരിധിയിലുള്ള റേഷന്‍ കടകളില്‍നിന്നു ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നവരുടൈ വീടുകളിലെത്തി പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്. കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍ സാധനങ്ങള്‍ ഉടമകള്‍ക്ക് കിട്ടുന്നുണ്ടോയെന്ന് ഇവര്‍ ഉറപ്പുവരുത്തണം.

കാര്‍ഡുടമകളുടെ വിശദമായ മൊഴി രേഖപ്പെടുത്തണം. എല്ലാ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരും ഓരോ മാസവും ഇത്തരത്തില്‍ അഞ്ചു റേഷന്‍ കാര്‍ഡ് ഉടമകളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് മൊഴി രേഖെപ്പടുത്തുകയും അതത് താലൂക്ക്സപ്ലൈ ഓഫീസര്‍, സിറ്റി റേഷനിംഗ് ഓഫീസര്‍ എന്നിവര്‍ക്കു സമര്‍പ്പിച്ച് തുടര്‍ നടപടികള്‍ എടുക്കുകയും വേണം.

അതേസമയം, ഗുണഭോക്താക്കളുടെ തെരുവിലും വീട്ടിലുമുള്ള പരിശോധന അംഗീകരിക്കാനാകില്ലെന്നും കാര്‍ഡ് ഉടമകള്‍ പരസ്പരം ഭക്ഷ്യധാന്യം കൈമാറിയാല്‍ അതിന്റെ ബാധ്യത റേഷന്‍ വ്യാപാരികള്‍ക്ക് ഏറ്റെടുക്കാനാകില്ലെന്നും വ്യക്തമാക്കി വ്യാപാരി സംഘടനകള്‍ രംഗത്തെത്തി. അപഹാസ്യമായ പരിശോധനാ നിര്‍ദേശമാണിതെന്ന് ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.