കൊയിലാണ്ടിയിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം
കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സിവിക് ചന്ദ്രന് കോടതി ജാമ്യം നൽകിയത്.
നേരത്തെ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും എസ് സി-എസ്ടി നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കുന്നുവെന്നും പ്രോസിക്യൂഷനും പരാതിക്കാരിയും വാദിച്ചിരുന്നു. സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനപരാതി വന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സിവിക്കില്‍ നിന്നും ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പരാതിക്കാരി വ്യക്തമാക്കി.
അതേസമയം എസ് സി-എസ്ടി ആക്ട് നിലനില്‍ക്കില്ലെന്നും ഇത്തരത്തിലൊരു വിവേചനവും കാട്ടിയിട്ടില്ലെന്നും സിവിക്കിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. പരാതിക്കാരിയോട് വിവേചനപരമായി പെരുമാറിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും തെളിവുകളും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി.
എന്നാല്‍ ഇതിനെതിരായ സിവിക് ചന്ദ്രന്‍ പരാതിക്കാരിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും മറ്റും പരാതിക്കാരിയുടെ അഭിഭാഷകനും കോടതിയില്‍ നല്‍കി. സിവിക്കിനെതിരെ രണ്ടാമതൊരു കേസ് കൂടി വന്നത്, ഇയാളുടെ മാനസികാവസ്ഥ വ്യക്തമാക്കുന്നതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
Summary: civic chandran gets anticipatory bail