സിനിമാ സ്‌റ്റൈലില്‍ സിനിമാ ഡിസ്ട്രിബ്യൂഷന്‍ മാനേജറെ തടഞ്ഞു, 30000രൂപയുടെ ഫോണ്‍ കവര്‍ന്നു; രണ്ട്‌പേര്‍ കോഴിക്കോട് പിടിയില്‍


കോഴിക്കോട്: പുതിയറയിലെ സിനിമാ ഡിസ്ട്രിബ്യൂഷന്‍ കമ്പനി മാനേജറെ തടഞ്ഞുവെക്കുകയും മൊബൈല്‍ ഫോണ്‍ കവരുകയും ചെയ്ത രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. മഞ്ചേരി മേലാക്കം സ്വദേശി അയ്യൂബ്(37), താഴേ ചേളാരി സ്വദേശിയായ ബാബു രാജ് എന്ന ബംഗാളി ബാബു(37) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും ഫോണ്‍ കണ്ടുകിട്ടിയിട്ടുണ്ട്.

കോഴിക്കോട് കസബ പൊലീസാണ് പ്രതികളെ പിടികൂടിയത്. സംഭവം നടന്ന പാവമണി റോഡിനടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പ്രതികളെ തിരിച്ചറിയാനായത്.

കഴിഞ്ഞ 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാവമണി റോഡിനടുത്തുള്ള ബീവറേജസ് ഔട്ട്ലെറ്റിന് സമീപത്തുവെച്ച് ഇവര്‍ പരാതിക്കാരനെ തടഞ്ഞുവെക്കുകയും ബലമായി മൊബൈല്‍ ഫോണ്‍ കവരുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കസബ പൊലീസ് ഇന്‍സ്പെക്ടര്‍ രാജേഷ് മരങ്ങലത്തിന്റെ നിര്‍ദേശത്തില്‍ എസ്.ഐമാരായ എന്‍.പി.എ രാഘവന്‍, ഷൈജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജേഷ് കുമാര്‍, പി.ഷാലു, സി.കെ സുജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.