” കൃത്യസമയത്ത് പ്രാഥമിക ചികിത്സ നല്‍കാന്‍ സൗകര്യമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ….” ചോമ്പാലയില്‍ ചൂണ്ടയിടുന്നതിനിടെ കടലില്‍ വീണ യുവാവ് മരണപ്പെട്ടത് ശ്വാസകോശത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്


ചോമ്പാല: ചോമ്പാല ഹാര്‍ബറില്‍ ചൂണ്ടയിടാന്‍ പോയ യുവാവ് കടലില്‍ വീണ് മരിച്ചത് ശ്വാസകോശത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്നെന്ന് പ്രാഥമിക വിവരം. ചോമ്പാല ബ്ലോക്ക് ഓഫീസിന് സമീപം സിദ്ദിഖ് മഹലില്‍ ആരിസ് (34) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. ചൂണ്ടയിടാന്‍പോയതായിരുന്നു ആരിസ്. കൂടെയാരുമുണ്ടായിരുന്നില്ല. ഇയാള്‍ എങ്ങനെയാണ് കടലില്‍ വീണതെന്നതെന്ന് വ്യക്തമല്ല.

കടലില്‍ നിന്നും പുറത്തെടുത്ത സമയത്ത് ആരിസിന് ജീവനുണ്ടായിരുന്നെന്ന് ചൊമ്പാല പഞ്ചായത്തംഗമായ പ്രമോദ്  കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോടു പറഞ്ഞു. ഉടനെ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആ സമയത്തും ജീവനുണ്ടായിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണമെന്നും അദ്ദേഹം പറഞ്ഞു.

ഹാര്‍ബറിനു സമീപം പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കിയാല്‍ ഒരുപരിധിവരെ ഇത്തരത്തിലുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും പ്രമോദ് അഭിപ്രായപ്പെട്ടു.

അബൂബക്കര്‍ ഹാജിയുടെയും സൈനബയുടെ മകനാണ് ആരിസ്. സഹോദരങ്ങള്‍: ആരിഫ് (ഒമാന്‍), മുഹമ്മദ്, ഹര്‍ഷീന.