ചിങ്ങപ്പുരം സി.കെ.ജി. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തെരുവ് നായകളുടെ സ്ഥിര താമസം; പരാതിപ്പെട്ടിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്ന് രക്ഷിതാക്കള്‍



കൊയിലാണ്ടി: സി.കെ.ജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തെരുവ് നായയുടെ വിളയാട്ടം. ചെറുതു വലുതുമായി ആറ് നായകളാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ക്കൊപ്പം ഓടിനടക്കുന്നത്. ഒന്നര ആഴ്ചയോളമായി സ്‌കൂളില്‍ രണ്ട് വലിയ നായകളും ചെറിയ നാല് കുഞ്ഞുങ്ങളും താമസമാക്കിയിട്ട്.

സ്‌കൂളിലേക്ക് കുട്ടികള്‍ വരുമ്പോഴും തിരിച്ച് കുട്ടികള്‍ ക്ലാസില്‍ നിന്ന് ഇറങ്ങുമ്പോഴും നായകള്‍ കുട്ടികളുടെ പുറകെ ഓടാറുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൂളിന് പുറത്ത് വെച്ച് തെരുവ് നായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

2500ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ കുട്ടികള്‍ക്ക് യാതൊരു സുരക്ഷയും സ്‌കൂള്‍ അധികൃതര്‍ നല്‍കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പളിനടക്കം രക്ഷിതാക്കള്‍ പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

രക്ഷിതാക്കളുടെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സ്‌കൂളില്‍ ഒരു നായയും മൂന്ന് കുട്ടികളുമാണുള്ളത്. ഇത് പുറത്തുനിന്നും സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് വന്നതാണ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി പഞ്ചായത്തിന് സ്‌കൂള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവയെ പുറത്താക്കാനുള്ള നടപടികളുണ്ടാവേണ്ടത് പഞ്ചായത്തിന്റെ ഭാഗത്തുനിന്നാണ്. സ്‌കൂളിന് ഇക്കാര്യത്തില്‍ കൂടുതലൊന്നും ചെയ്യാനാവില്ലെന്നും ഹെഡ്മാസ്റ്റര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.