ഇന്ന് മഴ പെയ്യുമോ? ശക്തമായ കാറ്റുണ്ടാകുമോ? കൊയിലാണ്ടിയിലെ കാലാവസ്ഥ ഇനി കുട്ടികള്‍ അറിയിക്കും! പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തയ്യാര്‍


കൊയിലാണ്ടി: പ്രാദേശികമായ കാലാവസ്ഥാമാറ്റം നിര്‍ണ്ണയിച്ച് ജനങ്ങളിലെത്തിക്കാനും പ്രകൃതി ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ആസൂത്രണം ചെയ്യാനും കൊയിലാണ്ടിയില്‍ ഇനി വിദ്യാര്‍ത്ഥികളുണ്ടാകും. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിലാണ് പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒരുക്കിയത്. ഭൂമിശാസ്ത്രപഠനം കൂടുതല്‍ രസകരവും എളുപ്പവുമാക്കാനാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സജ്ജമാക്കുന്നത്.

ജില്ലയില്‍ 18 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ‘ കേരള സ്‌കൂള്‍ വെതര്‍ സ്റ്റേഷന്‍’ പദ്ധതി നടപ്പാക്കുന്നത്. പന്തലായനി ബി.ആര്‍.സിക്ക് കീഴില്‍ കൊയിലാണ്ടി പന്തലായനി ജി.എച്ച്.എസ്.എസിന് പുറമേ അത്തോളി ജി.വി.എച്ച്.എസ്.എസിലാണ് വെതര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഭൂമിശാസ്ത്രം ഐശ്ചിക വിഷയമായി പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ പ്രത്യേകം നിര്‍മിച്ച വെതര്‍ സ്റ്റേഷന്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ പൊതുസമൂഹത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് കേരള സ്‌കൂള്‍ വെതര്‍ സ്റ്റേഷന്‍ ചിട്ടപ്പെടുത്തുന്നത്.

പ്രാദേശിക കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനസ്സിലാക്കാന്‍ മഴ മാപിനി, കപ്പ് കൗണ്ടര്‍ ആനിമോ മീറ്റര്‍, തെര്‍മോമീറ്ററുകള്‍, ഇവിന്‍ഡ് വെയ്ന്‍ ഉള്‍പ്പെടെ വിവിധ ഉപകരണങ്ങളാണ് സ്‌കൂളില്‍ സജ്ജീകരിച്ചിരിക്കുന്നത്. മഴയുടെ അളവ്, അന്തരീക്ഷ ആര്‍ദ്രത, അന്തരീക്ഷ ഊഷ്മാവ്, കാറ്റിന്റെ ദിശ, കാറ്റിന്റെ വേഗത എന്നിവ എല്ലാദിവസവും വിദ്യാര്‍ഥികള്‍ സ്വയം നിരീക്ഷിച്ച് രേഖപ്പെടുത്തും. ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിച്ച സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ഒരു ഡേറ്റാ ബേസിലേക്ക് കൊടുക്കുകയാണ് ലക്ഷ്യം.

ദിനാവസ്ഥ ഘടകങ്ങളെക്കുറിച്ചുള്ള പരിക്ഷണനിരീക്ഷണങ്ങള്‍ക്കുള്ള ലാബായി സ്‌കുളിലെ സ്‌കൂള്‍ വെതര്‍ സ്റ്റേഷന്‍ മാറും. അതോടൊപ്പം സ്‌കൂള്‍തലം മുതലുള്ള കൂട്ടികള്‍ക്ക് ഭൗമസാക്ഷരത കൈവരിക്കാനും സാമൂഹിക ഇടപെടലുകള്‍ നടത്താനുമുള്ള അവസരമാകും ഇത്. ഒരു പ്രദേശത്തിന്റെ ദിനാവസ്ഥ വിവരങ്ങള്‍ എങ്ങനെ ശേഖരിക്കും എന്നതിനെക്കുറിച്ചുള്ള പ്രായോഗിക അറിവും ശേഖരിച്ച വിവരങ്ങളെ വിശകലനം ചെയ്യുന്നതിനും ഇത് വഴി സാധിക്കും. പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാര്‍ത്ഥികളാണ് വെതര്‍ സ്റ്റേഷനിലൂടെ വിവര ശേഖരണം നടത്തുക. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, കോഴിക്കോട് ആസ്ഥാനമായ സി.ഡബ്ല്യൂ.ആര്‍.ഡി.എം, കേരള ദുരന്ത നിവാരണ അതോറിറ്റി എന്നിവരുടെ മാര്‍ഗനിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും വെതര്‍ സ്റ്റേഷന് ലഭിക്കും.