ഇനി മുതൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കാൻ ആറ് വയസ് തികയണം; കേന്ദ്രനയം പുതിയ അധ്യയന വർഷം മുതൽ കർശനമായി നടപ്പാക്കാൻ കേരളം


തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസില്‍ ചേർക്കാൻ കുട്ടികള്‍ക്ക് ആറ് വയസ് തികയണം. 2020 ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണിത്.

നേരത്തെ തന്നെ സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ നിലവില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്ന വ്യവസ്ഥയുണ്ട്. എന്നാൽ അഞ്ചു വയസ് കഴിഞ്ഞവരെയും ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കാറുണ്ട്. എന്നാല്‍ കേന്ദ്ര നയം നടപ്പാക്കാന്‍ കേരളം തയ്യാറെടുപ്പ് തുടങ്ങിയതോടെ ഇനി ഇളവു നല്‍കില്ല.

സംസ്ഥാനത്തെ സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ സ്കൂളുകളിലും പ്രായവ്യവസ്ഥ നിര്‍ബന്ധമാകും. കേന്ദ്രീയ വിദ്യാലയങ്ങള്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് എന്നത് നിര്‍ബന്ധമാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരം ഒന്ന് മുതല്‍ അഞ്ചു വരെ ക്ലാസുകള്‍ പ്രൈമറിയും ആറ് മുതല്‍ എട്ട് വരെ യുപിയും ഒമ്പത്, പത്ത് ക്ലാസുകള്‍ ഹൈസ്കൂള്‍ വിഭാഗവുമാണ്.

ഒമ്പത് മുതല്‍ 12 വരെ ക്ലാസുകള്‍ ഒരു വിഭാഗമായി കണക്കാക്കാനും നിര്‍ദേശമുണ്ട്. കേരളത്തില്‍ ഹൈസ്കൂള്‍- ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയുമാണ്.