കുട്ടികളും രക്ഷിതാക്കളും ഒന്നിച്ച് ആഘോഷമാക്കി ‘കൂടെ’ ഭിന്നശേഷി ഇന്‍ക്ലൂസിവ് കലോത്സവം


കൊയിലാണ്ടി: ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ഇന്‍ക്ലൂസീവ് കലോത്സവം ‘കൂടെ’ സംഘടിപ്പിച്ച് സമഗ്ര ശിക്ഷാ കേരള ബി.ആര്‍.സി പന്തലായനി. വര്‍ണ്ണാഭമായ ആഘോഷത്തില്‍ പന്തലായനി ബി.ആര്‍.സി പരിധിയിലെ 60 കുട്ടികളും രക്ഷിതാക്കളും ബി.ആര്‍.സി അംഗങ്ങളും പൊതുജനങ്ങളും കലോത്സവത്തില്‍ പങ്കുചേര്‍ന്നു.

ക്രിസ്തുമസ്-പുതുവത്സര ആഘോഷത്തില്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. രുചികരമായ ഉച്ചഭക്ഷണവും ബി.ആര്‍.സി യൂണിറ്റ് കുട്ടികള്‍ക്കായി ഒരുക്കിയിരുന്നു.

കൊയിലാണ്ടി ടൗണ്‍ ഹാളില്‍ വെച്ചു നടന്ന ഇന്‍ക്ലൂസീവ് കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വഹിച്ചു. കേക്ക് മുറിച്ചുകൊണ്ട് കുട്ടികള്‍ക്കൊപ്പം ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളില്‍ പങ്കു ചേരുകയും കലോത്സവത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്ക് സമ്മാനങ്ങളും നല്‍കി.

പന്തലായനി ബി.പി.സി ഇ.പി ദീപ്തി സ്വാഗതം ആശംസിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ബി.ആര്‍.സി ട്രെയിനറുമായ കെ. ഷിജു അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി ട്രെയിനര്‍ ഉണ്ണികൃഷ്ണന്‍ സി.ആര്‍.സി കോഡിനേറ്റര്‍ ജാബിര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ സില്‍ജ ബി. നന്ദി പറഞ്ഞു.