”വീടിന്റെ നാലുചുവരിനുള്ളില്‍ ഒതുങ്ങിക്കൂടരുതെന്ന് അച്ഛനെന്നും പറയുമായിരുന്നു, കവിതയുടെ ലോകത്തേക്ക് വഴികാട്ടിയത് അധ്യാപകന്‍” എനിക്ക് പറക്കാനിഷ്ടം കവിതാ സമാഹാരത്തെക്കുറിച്ച് എഴുത്തുകാരി പറയുന്നു


കൊയിലാണ്ടി: ”ശാരീരികമായ പരിമിതികള്‍ ഏറെയുണ്ട്, പക്ഷേ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകരുതെന്ന് അച്ഛന്‍ എന്നും പറയുമായിരുന്നു” ആ വാക്കാണ് തനിക്ക് ഊര്‍ജ്ജമായതെന്ന് പറയുകയാണ് കൊച്ചു കവി വൈഗ.കെ.വി. ആ ഊര്‍ജ്ജത്തില്‍ നിന്നും പിറവിയെടുത്തതാണ് വൈഗയുടെ ആദ്യ കവിതാ സമാഹാരം ”എനിക്ക് പറക്കാനാണിഷ്ടം” പുറത്തിറങ്ങിയിരിക്കുകയാണ്. പന്തലായനി യു.പി സ്‌കൂളിലെ 1993-94 വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ അക്ഷരമാണ് പുസ്തകം പുറത്തിറക്കിയത്.

കൊയിലാണ്ടി ബി.ഇ.എം യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് വൈഗ. സ്‌കൂളിലെ അധ്യാപകനായ ബിജിത്ത് ലാല്‍ ആണ് തന്നെ കവിതയുടെ വഴിയിലേക്ക് നയിച്ചതെന്നാണ് വൈഗ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു കഥയെഴുതി അദ്ദേഹത്തിനെ കാണിച്ചിരുന്നു. അദ്ദേഹമാണ് കഥയേക്കാള്‍ എനിക്ക് കവിതയാണ് യോജിക്കുന്നതെന്ന് പറഞ്ഞത്. അങ്ങനെ ‘സൂര്യന്‍’ എന്ന ആദ്യ കവിതയെഴുതി അദ്ദേഹത്തിന് നല്‍കി. ചെറിയ ചില തിരുത്തലുകള്‍ അദ്ദേഹം നിര്‍ദേശിച്ചു. അത് മാറ്റിയപ്പോള്‍ കവിത കുറച്ചുകൂടി മനോഹമായി. പിന്നീട് എഴുതുന്ന ഓരോ കവിതയിലും ഇത്തരം തിരുത്തലുകള്‍ കുറയാന്‍ തുടങ്ങി. ഓരോ കവിത കഴിയുമ്പോഴും കൂടുതല്‍ മെച്ചപ്പെട്ടെന്നും ഇപ്പോള്‍ പുസ്തകം പ്രസിദ്ധീകരിക്കുന്ന തരത്തിലേക്ക് എത്തിയത് അങ്ങനെയാണെന്നും വൈഗ പറഞ്ഞു.

ഇന്ന് പതിനാറ് കവിതകളാണ് വൈഗയുടെ തൂലികയില്‍ പിറന്നത്. അനുഭവങ്ങളും പ്രകൃതി ഭംഗിയും സമൂഹത്തില്‍ താന്‍ കാണുന്ന കാഴ്ചകളുമൊക്കെയാണ് കവിതയ്ക്ക് വിഷയമാകുന്നതെന്നും വൈഗ വ്യക്തമാക്കി. അച്ഛനും അമ്മയുമാണ് തനിക്ക് ഏറ്റവുമധികം പ്രോത്സാഹനം നല്‍കുന്നത്. സൈ്പനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച തന്നെ നാലുചുവരുകള്‍ക്കുള്ളില്‍ നിര്‍ത്താന്‍ അവര്‍ തയ്യാറായില്ല. പറ്റാവുന്നത്ര ഈ ഭൂമിയിലെ കാഴ്ചകളെല്ലാം അവര്‍ തന്നെ കാണിക്കാറുണ്ട്. ഉത്സവങ്ങള്‍ കൂടാറുണ്ട്, പ്രകൃതി ഭംഗി ആസ്വദിക്കാന്‍ പോകാറുണ്ട്, അങ്ങനെ പരിമിതിയുണ്ടെന്ന പേരില്‍ ഒരിടത്തുനിന്നും അവര്‍ മാറ്റിനിര്‍ത്തിയിട്ടില്ലെന്നും പുറത്തിറങ്ങിയപ്പോള്‍ കണ്ട ഭൂമിയിലെ കാഴ്ചകളാണ് തന്റെ കവിതകളില്‍ കാണുന്നതെന്നും വൈഗ വ്യക്തമാക്കി.

കൊയിലാണ്ടി അരയന്‍കാവ് സ്വദേശിയായ വൈഗ കെ.വി.ശിവപ്രസാദിന്റെയും പി.കെ.സന്ധ്യയുടെയും മകളാണ്. സഹോദരി നൈത്ര.കെ.വി.