വയനാടിനെ പുനര്‍നിര്‍മ്മിക്കാന്‍ ചലഞ്ചുമായി സർക്കാർ; 5 ദിവസത്തെ ശമ്പളം നൽകാൻ ധാരണ


തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന വയനാടിനെ പുനര്‍നിര്‍മ്മിക്കാന്‍ അഞ്ച് ദിവസത്തെ ശമ്പളവിഹിതം ആവശ്യപ്പെട്ട് മുഖ്യമന്ത്രി. റീ ബില്‍ഡ് വയനാടിന്റെ ഭാഗമായി സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ശമ്പളത്തില്‍ നിന്നുള്ള വിഹിതം ആവശ്യപ്പെട്ടത്. ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ആയിരം കോടിയെങ്കിലും വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചത്.

ശമ്പള വിഹിതം നിര്‍ബന്ധമാക്കി ഉത്തരവിടരുതെന്നും സര്‍വ്വീസ് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താല്പര്യമുള്ളവരില്‍ നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നല്‍കാന്‍ അവസരം ഒരുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കും. സ്വമേധയാ നല്‍കുന്ന സഹായത്തെ സംബന്ധിച്ച് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സ്വന്തം നിലയില്‍ തീരുമാനം എടുക്കാന്‍ അവസരം ഉണ്ടാകണമെന്ന് ഫെറ്റോ ആവശ്യപ്പെട്ടു.

അതേസമയം 5 ദിവസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ ഫെറ്റോ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് എസ് കെ ജയകുമാര്‍ അറിയിച്ചു.