ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്; എന്‍.ടി. ഷിജിത്തിനെ തെരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്റെ എന്‍.ടി.ഷിജിത്തിന് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് ഷിജിത്തിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

വോട്ടെടുപ്പില്‍ ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും ഏഴ് വോട്ടുവീതമാണ് ലഭിച്ചത്. തുടര്‍ന്നാണ് നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പില്‍ ഷിജിത്തിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു. പതിനൊന്നാം വാര്‍ഡില്‍ നിന്നുള്ള അംഗമാണ് കോണ്‍ഗ്രസിലെ ഷിജിത്ത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും 15ാം വാര്‍ഡിലെ സി.പി.എം അംഗവുമായിരുന്ന ഇ.ടി.രാധ അസുഖ ബാധിതയായി മരിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാധ മരിച്ചതോടെ 15 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഏഴു വീതം അംഗങ്ങളായി. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി രണ്ടാം വാര്‍ഡ് അംഗം സി.പി.എമ്മിലെ എം.എം.രഘുനാഥായിരുന്നു.

പ്രസിഡന്റ് പദം എസ്.സി.സംവരണമാണ്. നിലവില്‍ ഇരുമുന്നണികള്‍ക്കും ഓരോ എസ്.സി.അംഗങ്ങളാണുള്ളത്.