കോമത്ത് തറവാട്ടുകാരെ ഉത്സവം ക്ഷണിക്കാന്‍ കോമരവും സംഘവും യാത്രയായി, രാത്രിയില്‍ ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേള; കൊല്ലം പിഷാരികാവില്‍ ഇന്ന് ചെറിയവിളക്ക്


കൊല്ലം: കൊല്ലം പിഷാരികാവില്‍ ഇന്ന് ചെറിയ വിളക്ക്. പതിവുപോലെ ഉത്സവാഘോഷത്തിന്റെ ഭാഗമായുള്ള കാഴ്ചശീവേലി രാവിലെ നടന്നു. ചെറുതാഴം ചന്ദ്രന്‍മാരാര്‍ ആയിരുന്നു ശീവേലിയുടെ മേളപ്രമാണം.

കാഴ്ചശീവേലിക്ക് ശേഷം വണ്ണാന്റെ അവകാശവരവ് ആലിന്‍ചുവട്ടിലെത്തി. വണ്ണാന്‍ ആചാരപ്രകാരം കിഴക്കേനടയിലൂടെ കോമരത്തെ സ്വീകരിച്ച് ആലിന്‍ചുവട്ടിലെത്തിച്ചു. അവിടെവെച്ച് കോമരം ഊരാളന്മാരോടും ദേശവാസികളോടുമായി ഭഗവതിയുടെ കല്‍പ്പന അരുളി ചെയ്യുകയും തുടര്‍ന്ന് കോമത്തേക്ക് പോകുകയും ചെയ്തു.

കാളിയാട്ട മഹോത്സവത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് കോമത്ത് പോക്ക്. ക്ഷേത്രം സ്ഥാപിക്കാന്‍ സ്ഥലം നല്‍കി സഹായിച്ച തറവാട്ടുകാരായ കോമത്തുകാരെ ഉത്സവത്തിന് ക്ഷണിക്കാന്‍ പോകുന്ന ചടങ്ങാണിത്. ക്ഷേത്രത്തിലെ പ്രധാന കോമരമാണ് കോമത്ത് തറവാട്ടിലേക്ക് പോയി തറവാട്ടുകാരെ ക്ഷണിക്കുന്നത്. മറ്റ് കോമരങ്ങളും അകമ്പടി പോകും.

വൈകുന്നേരം നാലുമണിയോടെ പാണ്ഡിമേള സമേതമുള്ള കാഴ്ചശീവേലിയുണഅടാകും. കലാമണ്ഡലം ശിവദാസന്‍മാരാരാണ് മേളപ്രമാണം.

രാത്രി എട്ടുമണിക്ക് ശുകപുരം രാജിത്ത് ശുകപുരം രജോദ് എന്നിവരുടെ ഡബിള്‍ തായമ്പകയുണ്ടാകും. ഏഴുമണഇമുതല്‍ പ്രശസ്ത പിന്നണി ഗായകന്‍ ജാസിഗിഫ്റ്റ് നയിക്കുന്ന ഗാനമേളയും ഉത്സവാഘോഷങ്ങള്‍ക്ക് ആവേശം പകരും.