അശാസ്ത്രീയമായ നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി ചെങ്ങോട്ടുകാവ് നിവാസികള്‍; ഏപ്രില്‍ 28ന് ദേശീയപാത പിക്കറ്റിങ്
ചെങ്ങോട്ടുകാവ്: അശാസ്ത്രീയമായ നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിനെതിരെ പ്രത്യക്ഷ സമരവുമായി ചെങ്ങോട്ടുകാവ് നിവാസികള്‍. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ശക്തമായ സമര പടിപാടികള്‍ക്ക് രൂപം നല്‍കി. നിലവിലെ സാഹചര്യത്തില്‍ കിഴക്ക് ഭാഗത്തുള്ള സര്‍വീസ് റോഡ് വീതി കൂട്ടി ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന വിധത്തില്‍ പുന: ക്രമീകരിക്കുകയോ, ചെറിയ വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും സഞ്ചരിക്കാവുന്ന രീതിയില്‍ മിതമായ സൗകര്യങ്ങളോടെയുള്ള ഒരു അടിപ്പാത നിര്‍മ്മിക്കുകയോ ചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകണം എന്ന് യോഗം ആവശ്യപ്പെട്ടു.
ചെങ്ങാട്ട്കാവ് ടൗണില്‍ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകാന്‍ നിലവിലെ ദേശീയപാത-66ലൂടെ സാധ്യത. ഓട്ടോറിക്ഷകള്‍ക്കും, ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും പ്രവേശനം നിഷേധിക്കപ്പെടുകയ്യും ചെയ്യുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവരുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വാര്‍ഡുകളിലെ ജനപ്രതിനിധികളും വിവിധ രാഷ്ടീയ കക്ഷി പ്രതിനിധികളും സംഘടനാ പ്രതിനിധികളും മോട്ടോര്‍ വാഹന തൊഴിലാളികള്‍ അടക്കം നിരവധി ആളുകള്‍ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ രക്ഷാധികാരിയായും വാര്‍ഡ് മെമ്പര്‍ തസ്ലീന നാസര്‍ കണ്‍വീനറായും, വിവിധ സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി വിപുലമായ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. സമരത്തിന്റെ ഒന്നാം ഘട്ടമെന്ന നിലയില്‍ സ്ഥലം എം.എല്‍.എ, എം.പി അടക്കമുളള ജനപ്രതിനിധികള്‍ക്കും ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ക്കും നിവേദനം സമര്‍പ്പിക്കാനും, ഏപ്രില്‍ 28-ന് വൈകുന്നേരം 5 മണിക്ക് പ്രദേശത്തെ മുഴുവന്‍ ആളുകളെയും പങ്കെടുപ്പിച്ച് കൊണ്ട് നാഷനല്‍ ഹൈവേക്ക് സമീപം പിക്കറ്റിങ് നടത്താനും തീരുമാനിച്ചു.