ഗസല്‍,നാടന്‍പാട്ട്, ശാസ്ത്രീയ നൃത്തങ്ങള്‍, വേദന മറന്ന് അവര്‍ ഒത്തുചേര്‍ന്നു; ശ്രദ്ധേയമായി ചെങ്ങോട്ടുകാവ് ആശ്വാസം പാലിയേറ്റീവ് കെയറിന്റെ ”സ്നേഹം സംഗമം 2023′


ചെങ്ങോട്ട്കാവ്: കിടപ്പുരോഗികള്‍ക്ക് സാന്ത്വനമായി ചെങ്ങോട്ട്കാവില്‍ സ്‌നേഹ സംഗമം 2023 സംഘടിപ്പിച്ച് പാലിയേറ്റീവ് പ്രവര്‍ത്തകര്‍. കിടപ്പുരോഗികളായ നാല്‍പ്പത്തിമൂന്ന് അംഗങ്ങള്‍ പങ്കെടുത്ത സ്‌നേഹ സംഗമത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച മുന്‍കാല പ്രവര്‍ത്തകരെയും ചടങ്ങില്‍ അനുസ്മരിച്ചു.

ശാസ്ത്രീയ ന്യത്തങ്ങള്‍, മിമിക്‌സ് ഡ്രാമ സ്‌കിറ്റുകള്‍, നാടന്‍ പാട്ട്, ഗസല്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കലാവിരുന്ന് സ്‌നേഹ സംഗമ വേദിയെ ധന്യമാക്കി. ഡോക്ടര്‍മാരുടെ പരിചരണം, ആരോഗ്യ പ്രവര്‍ത്തകരുടെ ജാഗ്രത, വളണ്ടിയര്‍മാരുടെ ശ്രദ്ധ എന്നിവ സ്‌നേഹ സംഗമം പരിപാടി മികവുറ്റതാക്കി.

ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ ഡോക്ടര്‍ എം.ആര്‍. രാഘവ വാരിയര്‍ സ്‌നേഹ സംഗമം 2023 പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ദീനാനുകമ്പയുടെ മഹത്തായ മാതൃകയാണ് പാലിയേറ്റീവിന്റെ കഴിഞ്ഞ ഏഴു വര്‍ഷമായി നടന്നു വരുന്ന സ്‌നേഹ സംഗമം പരിപാടികളെന്ന് ഡോക്ടര്‍ എം.ആര്‍. രാഘവ വാരിയര്‍ ചൂണ്ടിക്കാട്ടി.

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബാലന്‍ നായര്‍ കോസലം, ഇ.കെ.ശ്രീനിവാസന്‍, പി. വേണു മാസ്റ്റര്‍, ടി.വി.അബ്ദുള്‍ ഖാദര്‍, ഇ. ശശിധരന്‍ ,ഡോ.എന്‍.വി. സദാനന്ദന്‍ , ടി.വി. സാദിഖ്, കെ.ടി.എം. കോയ, ടി.വിജയന്‍ നായര്‍, ബിന്ദു മുതിരക്കണ്ടത്തില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഡിസംബര്‍ 24 ന് കാപ്പാട് കടല്‍ തീരത്തേക്കുള്ള വിനോദയാത്രയോടെ ഈ വര്‍ഷത്തെ സ്‌നേഹ സംഗമം പരിപാടികള്‍ക്ക് പൂര്‍ണ്ണതയാവുമെന്ന് സംഘാടകര്‍ അറിയിച്ചു. [mid5]