”അടുക്കള മാലിന്യം ഇനി തലവേദനയാവില്ല, കുറഞ്ഞ ചിലവില്‍തന്നെ ഇവ സംസ്‌കരിച്ച് ജൈവവളമാക്കാം” മാലിന്യനിര്‍മ്മാര്‍ജ്ജന രംഗത്ത് മാതൃകയാക്കാവുന്ന ഉല്പന്നവുമായി ചെങ്ങോട്ടുകാവ് സ്വദേശി നിതിന്‍ രാംദാസ്


കൊയിലാണ്ടി: കേടായ പച്ചക്കറികള്‍, ഭക്ഷണമാലിന്യം, മത്സ്യമാസാംദികളുടെ അവശിഷ്ടങ്ങള്‍ എന്നിങ്ങനെ ഒരു ദിവസം ഒരു വീട്ടിലുണ്ടാവുന്ന മാലിന്യങ്ങള്‍ എങ്ങനെ നിര്‍മാര്‍ജ്ജനം ചെയ്യുമെന്നത് പല വീട്ടുകാരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ച് നഗരങ്ങൡലാ വളരെകുറഞ്ഞ ഭൂമിയലോ വീടുവെച്ച് താമസിക്കുന്നവര്‍ക്ക്. അത്തരക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹാരമാവുകയാണ് ചെങ്ങോട്ടുകാവ് മേലൂര്‍ ശിശിരത്തില്‍ നിതിന്‍ രാംദാസിന്റെ കണ്ടുപിടിത്തം. കിച്ചന്‍ വേസ്റ്റ് ഡൈജസ്റ്റര്‍ എന്നു പേരിട്ടിരിക്കുന്ന ഈ അടുക്കള മാലിന്യ സംവിധാനം ഇതിനകം നിരവധി വീടുകളില്‍ ഹിറ്റായിക്കഴിഞ്ഞു.

”എക്‌സിബിഷനുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ ആളുകളുല്‍ നിന്നും ഫീഡ്ബാക്കുകള്‍ എടുക്കാറുണ്ട്, പലര്‍ക്കും അടുക്കളമാലിന്യങ്ങള്‍ പ്രശ്‌നമാണെന്ന് ഇവിടെ നിന്ന് മനസിലാക്കി. ഇങ്ങനെയാണ് വേസ്റ്റ് ഡൈജസ്റ്ററിനെക്കുറിച്ച് ചിന്തിച്ചത്” നിതിന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വീടുകള്‍, ഫ്‌ളാറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിങ്ങനെ ഉപയോഗത്തിന് അനുസൃതമായ വേസ്റ്റ് ഡൈജസ്റ്റുകള്‍ നിതിന്റെ സംരംഭത്തിലുണ്ട്. നാലായിരം രൂപ മുതല്‍ എട്ടായിരം രൂപവരെ വിലയില്‍ വീടുകളില്‍ ഉപയോഗിക്കാവുന്ന വേസ്റ്റ് ഡൈജസ്റ്ററുകളുണ്ട്. 25 വര്‍ഷത്തോളം ഇത് ഉപയോഗിക്കാം. ഇതിനകം ഏഴായിരത്തോളം ഉപഭോക്താക്കള്‍ വേസ്റ്റ് ഡൈജസ്റ്റര്‍ വാങ്ങിയിട്ടുണ്ടെന്നും നിതിന്‍ പറയുന്നു.

ഡൈജസ്റ്ററിന്റെ പ്രവര്‍ത്തനം നിതിന്‍ വിശദീകരിക്കുന്നതിങ്ങനെ: മാലിന്യങ്ങള്‍ ഡൈജസ്റ്ററിലിട്ടാല്‍ ഇതില്‍ ബ്ലാക്ക് സോള്‍ജിയര്‍ ഈച്ചകള്‍ വന്ന് മുട്ടയിടും. ഇവയുടെ ലാര്‍വയും നമ്മള്‍ ഇട്ടുനല്‍കുന്ന ബാക്ടീരിയയും സംയുക്തമായി പ്രവര്‍ത്തിച്ചാണ് മാലിന്യം സംസ്‌കരിക്കുന്നത്. ലാല്‍വകള്‍ മാലിന്യം ഭക്ഷിച്ചശേഷം വിസര്‍ജിക്കും. ഡൈജസ്റ്ററിലേക്കുവേണ്ട ബാക്ടീരികള്‍ രണ്ടുകിലോ ഡൈജസ്റ്ററിനൊപ്പം നല്‍കാറുണ്ട്. കൂടുതല്‍ ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈനിലും മറ്റും ലഭ്യമാണ്. ആദ്യ ഒരുവര്‍ഷമേ ബാക്ടീരികള്‍ ഇട്ടുകൊടുക്കേണ്ടതുള്ളൂ. രണ്ടാമത്തെ വര്‍ഷം മുതല്‍ സംസ്‌കരിക്കപ്പെട്ട മാലിന്യം തന്നെ ബാക്ടീരിയയായി പ്രവര്‍ത്തിക്കും. ഒരു പാത്രത്തിലെ മാലിന്യം ഒരു വര്‍ഷംകൊണ്ട് വളമായി മാറും. ചെടികള്‍ക്കും പച്ചക്കറികള്‍ക്കുമെല്ലാം ജൈവവളമായി ഉപയോഗിക്കാം. ദുര്‍ഗന്ധവുമുണ്ടാകില്ല.”

രണ്ടുവര്‍ഷം മുമ്പാണ് ഡൈജസ്റ്ററിന് പേറ്റന്റ് ലഭിച്ചത്. ഇന്ന് കൊയിലാണ്ടിയില്‍ ഏഴ് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭത്തിന്റെ ഉടമയാണ് നിതിന്‍. ശുചിത്വമിഷന്റെ അംഗീകാരമുള്ളതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ഉപയോഗിച്ച് ഈ ഉപകരണം വാങ്ങാവുന്നതാണ്. ആമസോണിലൂടെ കേരളത്തിന് പുറത്തും ഡൈജസ്റ്റര്‍ വില്‍ക്കുന്നുണ്ട്.