പുരസ്‌ക്കാര നിറവില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്; ഭിന്നശേഷി സൗഹൃദ ഗ്രാമ പഞ്ചായത്ത് എന്ന വിഷയത്തെ ആസ്പദമാക്കി കേരള സര്‍ക്കാര്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച വീഡിയോ റീല്‍സ് മത്സരത്തില്‍ ചേമഞ്ചേരി പഞ്ചായത്തിന് ഒന്നാം സമ്മാനം


ചേമഞ്ചേരി: കേരള സര്‍ക്കാര്‍ സംസ്ഥാന തലത്തില്‍ പഞ്ചായത്ത് ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും നടത്തിയ പ്രചാരണ വീഡിയോ റീല്‍സ് മത്സരത്തില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഒരുക്കിയ റീല്‍സിന് ഒന്നാം സമ്മാനത്തിനര്‍ഹമായി.

തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി ഭിന്നശേഷി സൗഹൃദ ഗ്രാമ പഞ്ചായത്ത് എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മത്സരം. വീഡിയോയില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, ലൈബ്രേറിയന്‍ ആന്‍സന്‍ ജേക്കബ്ബ്, പി ടി.എസ് സജീവന്‍ എന്നിവരായിരുന്നു അഭിനയിച്ചിരുന്നത്.

1.30 മിനുട്ടിലുള്ള വീഡിയോയില്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചും ഭിന്നശേഷിക്കാരായ കുട്ടികള്‍ ഇനി ഒരു ബാധ്യതയല്ലെന്നും തെളിയു്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. അബീഷ് കുറുങ്ങോടിന്റെ ആശയത്തില്‍ ആന്‍സന്‍ ജേക്കബ്ബാണ് എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ജുനൈദ് പയ്യന്നൂര്‍, ഹരി ക്ലാപ്‌സ് എന്നിവരാണ് റീല്‍സ് വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തത്. ഫെിബ്രവരി 18 ന് ഗുരുവായൂര്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങും.