പുരസ്‌കാര തിളക്കത്തില്‍ ചേമഞ്ചേരി; മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ഏറ്റുവാങ്ങി


ചേമഞ്ചേരി: മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം കൊട്ടാരക്കരയിൽ വെച്ച് നടന്ന തദ്ദേശ ദിനാഘോഷ പരിപാടിയില്‍ വച്ച്‌ ചേമഞ്ചേരി ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ഏറ്റുവാങ്ങി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അവാർഡുകൾ വിതരണം ചെയ്തു.

പഞ്ചയത്ത് സെക്രട്ടറി ടി.അനിൽ കുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 2022-23 വർഷത്തെ സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ്‌ അവാര്‍ഡ് ലഭിച്ചത്‌. ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച സുസ്ഥിര ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള പ്രവർത്തന മികവാണ് ഇത്തവണ അവാർഡിന് മുഖ്യമായും പരിഗണിക്കപ്പെട്ടത്. അതോടൊപ്പം വികസന പദ്ധതികൾ നിർവ്വഹണം നടത്തുന്നതിനും കേന്ദ്ര സംസ്ഥാനാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുന്നതിനും പഞ്ചായത്തിൻറെ പ്രവർത്തനങ്ങളും പരിഗണിക്കപ്പെട്ടു.

മുൻ വർഷത്തിൽ സംരംഭകത്വ പ്രവർത്തനങ്ങളിലും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും സബ്സിഡി വിതരണത്തിലും ഗ്രാമപഞ്ചായത്ത് വലിയ മുന്നേറ്റമാണ് കൈവരിച്ചത്. പ്രത്യേക പരിഗണന അർഹിക്കുന്ന വയോജനങ്ങൾ ഭിന്നശേഷിക്കാർ കിടപ്പ് രോഗികൾ കുട്ടികൾ എന്നിവരുടെ ക്ഷേമത്തിനും ഗ്രാമപഞ്ചായത്ത് പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കി. അതിദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതിന് സർവ്വേയിലൂടെ കണ്ടെത്തിയ മുഴുവൻ ഗുണഭോക്താക്കൾക്കും മൈക്രോ പ്ലാൻ തയ്യാറാക്കി പദ്ധതികൾ നടപ്പിലാക്കി.

ദാരിദ്ര്യ നിർമ്മാർജനം, സമഗ്ര ആരോഗ്യ പരിപാടികൾ, ശിശു സൗഹൃദ പരിപാടികൾ, ശുചിത്വവും മാലിന്യ നിർമാർജ്ജനവും ഉറപ്പ് വരുത്തുന്ന പദ്ധതികൾ എന്നിവ ഗ്രാമപഞ്ചായത്ത് മുൻ വർഷം ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയിരുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഉൾപ്പെട്ട സദ്ഭരണം എന്ന വിഷയത്തിൽ ജമ്മു കശ്മീരിലെ ശ്രീനഗറിൽ നടന്ന ദേശീയ ശിൽപശാലയിലും ശിശു സൗഹൃദ ഗ്രാമപഞ്ചായത്ത് എന്ന വിഷയത്തിൽ ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ദേശീയ ശിൽപശാലയിലും പാനൽ പ്രതിനിധിയായി ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് പങ്കെടുത്തിരുന്നു.

ശുചിത്വ ഗ്രാമം സൃഷ്ടിക്കുന്നതിനും മാലിന്യ നിർമാർജ്ജന പ്രവർത്തനത്തിനും ഗ്രാമപഞ്ചായത്ത് മുന്തിയ പരിഗണനയാണ് നൽകിയത്. ഹരിത കർമ്മ സേന കവറേജ് 100 ശതമാനം എത്തിക്കുന്നതിനും ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് വഴി ക്യൂആർ കോഡ് പതിച്ച് മാലിന്യ ശേഖരണം ആരംഭിക്കുന്നതിനും കഴിഞ്ഞ വര്‍ഷം പഞ്ചായത്തിന് കഴിഞ്ഞിരുന്നു.

ശുചിത്വ മേഖലയിൽ ദേശീയപാതയോരത്ത് വിശ്രമ മുറിയും പൊതു ശൗച്യാലയവും അടങ്ങിയ ടേക്ക് എ ബ്രേക്ക് സമുച്ചയം പ്രവർത്തനമാരംഭിച്ചു. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഭവന രഹിതരായ മുഴുവൻ ഗുണഭോക്താക്കൾക്കും നടപ്പു വർഷം തന്നെ വീട് നൽകുന്നതിന് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചു.

ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിദ്യഭ്യാസ പദ്ധതി പ്രവർത്തനങ്ങളും സദ്ഭരണവും മുൻ നിർത്തി കിലയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിനെ പഞ്ചായത്ത് ലേണിംഗ് സെൻററായി തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ചേമഞ്ചേരി പഞ്ചായത്തിന്റെ വികസന മാതൃകകളും കുടുംബശ്രീയുടെയും പ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിയുന്നതിന് അരുണാചൽ പ്രദേശിൽ നിന്നും 28 അംഗ സംഘം ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തിയിരുന്നു.