മണിയൂര്‍ പാലയാട് നട തീരദേശ റോഡിന് സമീപത്തായി മനുഷ്യതലയോട്ടിയും അസ്ഥികളും പൊതിഞ്ഞ നിലയില്‍; അന്വേഷണമാരംഭിച്ച് വടകര പോലീസ്


 വടകര: മണിയൂർ പഞ്ചായത്തിലെ പാലയാട് നട തീരദേശ റോഡിനോട് ചേർന്നുള്ള പുഴയോരത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് വലയോട് സാമ്യത തോന്നുന്ന വസ്തുകൊണ്ട് പൊതിഞ്ഞ നിലയില്‍ അസ്ഥികള്‍ കണ്ടെത്തിയത്.

മനുഷ്യ തലയോട്ടിയും കൈകാലുകളുടെ അസ്ഥികളുമാണ് പൊതിയിലുള്ളത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വടകര സിഐ ടി.പി.സുമേഷും സംഘവും പ്രാഥമിക പരിശോധനകള്‍ നടത്തി. ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പൊലീസ് വിശദമായ ഫോറൻസിക് പരിശോധനകള്‍ക്കായി അസ്ഥികള്‍ കോഴിക്കോട് മെഡിക്കൽ കോളജിന് കൈമാറി.

അസ്ഥികള്‍ക്ക് കാലപ്പഴക്കമുള്ളതിനാല്‍ സ്ത്രീയുടേതാണോ പുരുഷന്റേതാണോ, എത്ര പ്രായമുള്ള ആളുടേതാണ് തുടങ്ങിയ വസ്തുതകള്‍ ഫോറൻസിക് പരിശോധനയിലൂടെ മാത്രമേ വ്യക്തമാവൂ.

അസ്ഥികള്‍ വേലിയേറ്റ സമയത്ത് പുഴയിൽ നിന്ന് കരക്കടിഞ്ഞതാവാമെന്ന സംശയം ഉയരുന്നുണ്ട്.  സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രദേശത്ത് നിന്ന് കാണാതായവരെ കുറിച്ച് പരിശോധിക്കുമെന്ന്  അറിയിച്ചിട്ടുണ്ട്.