ബാങ്കിന്റെ ഹെഡ് ഓഫീസ്, 200 പേര്‍ക്ക് ഇരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള ഹാള്‍; ഉദ്ഘാടനത്തിനൊരുങ്ങി ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആസ്ഥാനമന്ദിരം
ചേമഞ്ചേരി: ഒമ്പതു ദശകങ്ങളായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സാമ്പത്തിക മേഖലയുടെ ജീവനാഡിയായി പ്രവര്‍ത്തിച്ചുവരുന്ന ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ആസ്ഥാനമന്ദിരം നിര്‍മ്മാണം പൂര്‍ത്തിയായി. പൂക്കാട് ഈസ്റ്റ് റോഡില്‍ ബാങ്കിന്റെ സ്ഥലത്ത് പടുത്തുയര്‍ത്തിയ ആസ്ഥാന മന്ദിരം 2023 നവംബര്‍ 9ന് വൈകുന്നേരം 5 മണിക്ക് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.
കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ചടങ്ങില്‍ അധ്യക്ഷയാവും. ബാങ്കിന്റെ ഹെഡ് ഓഫീസും മെയിന്‍ ബ്രാഞ്ചും ആണ് ഇപ്പോള്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. 200 പേര്‍ക്ക് ഇരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഹാളും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. മിതമായ വാടകയില്‍ പൊതുജനങ്ങള്‍ക്ക് ഹാള്‍ ഉപയോഗിക്കാവുന്നതാണ്.
കെട്ടിടത്തില്‍ പൊതുജനാരോഗ്യരംഗത്ത് ക്ലിനിക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ആലോചിക്കുന്നുണ്ട്. ചടങ്ങില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ്, NMDC ചെയര്‍മാന്‍ കെ.കെ മുഹമ്മദ് ഉള്‍പ്പെടെ സാമൂഹ്യ രാഷ്ട്രീയ മേഖലയിലുള്ളവരും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും.
1927 ല്‍ ഐക്യനാണയ സംഘമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനപരിധിയായി ആരംഭിച്ച സഹകരണ സ്ഥാപനമാണ് ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക്. 1967 ല്‍ ആണ് സംഘം സര്‍വീസ് സഹകരണ ബാങ്കായി മാറിയത്. 1970 കളില്‍ ലിക്യുഡേഷന്‍ നടപടികള്‍ നേരിട്ട് തകര്‍ച്ചയിലേക്ക് എത്തിയ ഈ സ്ഥാപനത്തെ ടി.പി.രവീന്ദ്രന്‍ നേതൃത്വം നല്‍കിയ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ശക്തമായ ഇടപെടലുകള്‍ കൊണ്ട് പുനരുജ്ജീവിപ്പിക്കുകയായിരുന്നു.
അന്നത്തെ സംസ്ഥാന സര്‍ക്കാറിന്റെയും ജില്ലാ ബാങ്കിന്റെയും പൂര്‍ണ്ണ പിന്തുണയും ഈ സ്ഥാപനത്തിന് ലഭിച്ചു. തുടര്‍ന്ന് വീണ്ടും പ്രവര്‍ത്തനമാരംഭിച്ച സംഘം സഹകരണ മാവേലി സ്റ്റോര്‍, ഉത്സവകാല ചന്തകള്‍, അരി ചന്തകള്‍, വളം വിതരണം, കൊപ്ര സംഭരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ നഷ്ടപ്പെട്ടുപോയ ജനവിശ്വാസം വീണ്ടെടുക്കാന്‍ തുടങ്ങി.
ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിന് വേണ്ടി 2003 ല്‍ പൂക്കാട് അങ്ങാടിയിലുള്ള വാടക കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. 1990 നു ശേഷം ബാങ്ക് തുടര്‍ച്ചയായി ലാഭം ഉണ്ടാക്കുന്ന സ്ഥാപനമായി മാറി. 2009 ല്‍ പൂര്‍ണ്ണമായും ബാങ്ക് ഇടപാടുകള്‍ കമ്പ്യൂട്ടറൈസ് ചെയ്തു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ബാങ്കിന്റെ ക്ലാസിഫിക്കേഷന്‍ പടിപടിയായി ഉയര്‍ന്ന ക്ലാസ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡ് സ്റ്റാറ്റസില്‍ എത്തി. ഇപ്പോഴത് ഏറ്റവും ഉയര്‍ന്ന ഗ്രേഡായ ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് ബാങ്കിന്റെ നിബന്ധനകള്‍ കൈവരിച്ചിട്ടുണ്ട്. സഹകരണ വകുപ്പിന്റെ ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ തുടര്‍ച്ചയായി എ ഗ്രേഡില്‍ തുടരാനും ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.
2006 ലാണ് കാട്ടിലപ്പീടികയില്‍ ഒരു എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ ആരംഭിക്കുന്നത്. 2011ല്‍ പ്രസ്തുത എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ ബ്രാഞ്ച് ആയി ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. 2015 തിരുവങ്ങൂരിലും ഒരു പുതിയ ബ്രാഞ്ച് ആരംഭിക്കുകയുണ്ടായി. 2016ല്‍ ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമായ NEFT/RTGS സംവിധാനം ബാങ്കില്‍ ആരംഭിച്ചു. തീര്‍ത്തും സൗജന്യമായാണ് NEFT/RTGS സൗകര്യം ഇടപാടുകാര്‍ക്കായി ചെയ്തുകൊടുക്കുന്നത്.
2018 ല്‍ പൂക്കാട് ഒരു നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. 2018 ല്‍ തന്നെ ബാങ്കിന്റെ പൂക്കാടുള്ള മെയിന്‍ ബ്രാഞ്ചിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നടന്നു. 2021 ലാണ് വളം ഡിപ്പോ ഉദ്ഘാടനം നിര്‍വഹിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. 2021ല്‍ തന്നെ ബാങ്കിന്റെ പൂക്കാടുള്ള മെയിന്‍ ബ്രാഞ്ചിന്റെ പ്രവര്‍ത്തന സമയം രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ ആക്കി പുനക്രമീകരിച്ചത്. മൊബൈല്‍ ബാങ്കിംഗ് ഉള്‍പ്പെടെയുള്ള പല പരിഷ്‌കാരങ്ങളും ഇക്കാലയളവില്‍ നടപ്പില്‍ വരുത്തുകയുണ്ടായി. 2010-11, 2011-12 വര്‍ഷങ്ങളില്‍ മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗീകാരം ലഭിക്കുകയുണ്ടായി. 2021- 22 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിന് കേരള ബാങ്കിന്റെ അംഗീകാരവും ബാങ്കിന് ലഭിച്ചിട്ടുണ്ട്.